റോക്കി ഭായിയെ കാണണം: കുഞ്ഞാരാധകന്റെ ആഗ്രഹത്തിന് മറുപടിയുമായി യഷ്
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് യഷ് നായകനായ കെജിഎഫ്. ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയ താരത്തിന്റെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ കുടുംബവിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ കെജിഎഫ് രണ്ടാം ഭാഗം റിലീസ് ചെയ്തതിന് പിന്നാലെ തന്റെ പ്രിയപ്പെട്ട റോക്കി ഭായിയെ കാണണം എന്ന് ആവശ്യപ്പെടുന്ന കുട്ടി ആരാധകന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. ഒപ്പം ആരാധകന് യഷ് നൽകുന്ന മറുപടിയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നുണ്ട്.
‘കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് സോഷ്യൽ ഇടങ്ങളിൽ കുട്ടിയുടെ വിഡിയോ വൈറലാകുന്നത്. നിരവധിയാളുകൾ ഷെയർ ചെയ്ത വിഡിയോ അവസാനം സാക്ഷാൽ യഷിന്റെ അരികിലും എത്തി. ഉടൻതന്നെ വിഡിയോയ്ക്ക് മറുപടിയുമായി താരം എത്തി. ‘നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ എന്നായിരുന്നു യഷിന്റെ മറുപടി.
കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് യഷ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അഭിനയ വിസ്മയത്തില്‍ കൈയടി നേടുമ്പോള്‍ യഷ് എന്ന നടന് തന്റെ സിനിമ ജീവിതത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന യഷ് സിനിമയിൽ ഗോഡ്‌ഫാദറുമാരില്ലാതെ തന്നെ തെന്നിന്ത്യയിലെ സൂപ്പർ താരത്തിലേക്ക് വളർന്നത് പെട്ടന്ന് ഒരു ദിവസം കൊണ്ടല്ല, മറിച്ച് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥ പറയുന്ന കെജിഎഫ് സംവിധാനം ചെയ്തത് പ്രശാന്ത് നീലാണ്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് ലഭിച്ച അതേ സ്വീകാര്യതയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ലഭിക്കുന്നത്.
@TheNameIsYash kid wants to meet Rocky bhai,he has been saying this since the time we watched kgf..he has been so sad and would want to see you once.#RockyBhai #KGFChapter2 pic.twitter.com/lHxQ29wteC
— iru (@veeruveens) April 21, 2022
Story highlights: Yash’s reply to a young boy goes viral