സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിയ്ക്ക് പരിക്ക്

May 30, 2022

സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിയ്ക്ക് പരിക്ക്. ‘എ രഞ്‍ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെയാണ് താരത്തിന് പരുക്കേറ്റത്. താരത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രമാണ് എ രഞ്‍ജിത്ത് സിനിമ. കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ആസിഫ് അലി. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. 2020 ൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണം നീണ്ടു പോവുകയായിരുന്നു. ഒരു ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം കേരളത്തിലും രാജസ്ഥാനിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യഥാർത്ഥ ജീവിതത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജീത്തു ജോസഫിന്റെ കൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊത്ത്, വിൽപ്പന, നാലാം തൂണ്, മഹേഷും മാരുതിയും തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. കുഞ്ഞേൽദോയാണ് താരത്തിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ സിനിമ. കോളജ് സ്റ്റുഡന്റ് ആയാണ് ചിത്രത്തിൽ ആസിഫ് എത്തുന്നത്. ആർ ജെ മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് കുഞ്ഞേൽദോ

Story highlights: Asif Ali injured during the shooting