ഇത് ലാലേട്ടന്റെ ബറോസ്; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

May 26, 2022

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ബറോസിനായി സിനിമ പ്രേമികൾ കാത്തിരിക്കുന്നതിന് പിന്നിലെ ഏറ്റവും പ്രധാന കാരണം മലയാളത്തിന്റെ പ്രിയനായകൻ മോഹൻലാൽ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രമാണ് ഇതെന്നുള്ളതാണ്. പ്രധാന കഥാപാത്രമായ ബറോസായി താരം തന്നെയാണ് എത്തുന്നത്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കും ആരാധകരെ ആദ്യം മുതൽക്കേ അമ്പരപ്പിച്ചിരുന്നു. തല മൊട്ടയടിച്ച രൂപത്തിലാണ് ബറോസിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ സിനിമ സെറ്റിൽ നിന്നുള്ള താരത്തിന്റെ കൂടുതൽ ചിത്രങ്ങളാണ് പുറത്തുവരുന്നത്.

അതേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്ല്യൂഷ്യൻ എന്ന റ്റെക്നിക്ക് ഈ ചിത്രത്തിലും പരീക്ഷിച്ചിട്ടുണ്ട്.

വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നിധിയുടെ യഥാർത്ഥ അവകാശിയെ ബറോസ് കാത്തിരിക്കുന്നതും ഇതന്വേഷിച്ച് ബറോസിന്റെ അടുത്തെത്തുന്ന കുട്ടിയിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.

നേരത്തെ മുതൽ തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കാറുള്ളതും. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള സംവിധായകനായ മോഹൻലാലിൻറെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുത്ത ടീ ഷർട്ടും ജാക്കറ്റും അണിഞ്ഞ് ഒരു തൊപ്പിയും വെച്ചിരിക്കുന്ന സ്റ്റൈലിഷ് മോഹൻലാലിനെയാണ്  ചിത്രത്തിൽ കണ്ടത്.

story highlights: Barroz location images