വേദന കൊണ്ട് ഇന്ദ്രൻസ് ചേട്ടൻ ചുരുണ്ടുകൂടി- ദുർഗ കൃഷ്ണ

May 19, 2022

മലയാളത്തിന്റെ ഏറ്റവും പ്രിയ നടന്മാരിൽ ഒരാളാണ് അഭിനയ മികവുകൊണ്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടുമെല്ലാം പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച ഇന്ദ്രൻസ്. നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഉടൽ. പ്രേക്ഷകരിലേക്കെത്താനൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ചലച്ചിത്രതാരം ദുർഗ കൃഷണ. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നടൻ ഇന്ദ്രൻസിന് തന്റെ ചവിട്ടേറ്റ അനുഭവങ്ങളാണ് ദുർഗ പങ്കുവയ്ക്കുന്നത്. യഥാർത്ഥത്തിൽ ചവിട്ട് ഏറ്റ് വേദനകൊണ്ട് ചുരുണ്ടുകൂടിയിട്ടും അദ്ദേഹം പിന്നീട് അടുത്ത സീനിനായി കൂളായി വെന്നതിനെക്കുറിച്ചാണ് ദുർഗ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കുറിച്ചത്.

‘ഉടൽ വെള്ളിയാഴ്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്.

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.

നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു’. ദുർഗാ കൃഷ്ണ കുറിച്ചു.

രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്.

Story highlights: Durga Krishna About Actor Indrans