ടോസ് നഷ്‌ടമായി ബാറ്റിങിനിറങ്ങി രാജസ്ഥാൻ; ഒരു മാറ്റവുമായി ഗുജറാത്ത്

May 24, 2022

പ്ലേ ഓഫിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാൻ ഇറങ്ങിയിരിക്കുന്നത്. എന്നാൽ ഗുജറാത്ത് ടീമിൽ ഒരു മാറ്റമുണ്ട്. ലോക്കി ഫെര്‍ഗൂസണ് പകരം അല്‍സാരി ജോസഫ് അന്തിമ ഇലവനിലെത്തുകയായിരുന്നു.

ഇപ്പോൾ ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 3 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 18 റൺസാണ് നേടിയിരിക്കുന്നത്.

ഈ സീസണിൽ അരങ്ങേറ്റം കുറിച്ച ഗുജറാത്ത് മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനമാണ് സീസണിലുടനീളം കാഴ്‌ചവെച്ചത്. മിക്ക കളികളിലും തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച ഗുജറാത്ത് ചില മത്സരങ്ങളിൽ അവിശ്വസനീയ മികവാണ് പുറത്തെടുത്തത്.

ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ്, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുല്‍ തെവാട്ടിയ എന്നിവരുൾപ്പെടുന്ന ഗുജറാത്തിന്റെ ബാറ്റിംഗ് നിര മികച്ച പ്രകടനം തന്നെയാണ് സീസണിലുടനീളം പുറത്തെടുത്തത്. റാഷിദ് ഖാന്റെയും സായ് കിഷോറിന്റെയും സ്‌പിൻ മികവിലും ഗുജറാത്തിന് വലിയ പ്രതീക്ഷയാണുള്ളത്. ആദ്യ സീസണിൽ തന്നെ കിരീട നേട്ടമാണ് ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത്.

Read More: ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുമെന്ന് വിരാട് കോലി, എന്നാൽ ദീർഘ കാല ഇടവേളയാവില്ല; സൂചന നൽകി താരം

എന്നാൽ ഐപിഎല്ലിന്റെ ആദ്യ സീസണിലെ പ്രകടനം ആവർത്തിച്ച് വീണ്ടുമൊരിക്കൽ കൂടി കിരീടമുയർത്താൻ ലക്ഷ്യമിട്ട് തന്നെയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങിയിരിക്കുന്നത്. ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റിയാന്‍ പരാഗ് എന്നിവരടങ്ങുന്ന ലോകോത്തര ബാറ്റിംഗ് നിരയിൽ തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷകളത്രയും. ലോകത്തെ ഏറ്റവും മികച്ച രണ്ട് ബൗളർമാരായ ആര്‍ അശ്വിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും സാന്നിധ്യം രാജസ്ഥാൻ ബൗളിംഗ് നിരയ്ക്ക് വലിയ കരുത്താണ് നൽകുന്നത്.

Story Highlights: Gujarat won the toss and chose to field