ടൊവിനോ തോമസും കീർത്തി സുരേഷും നേർക്കുനേർ; ഇനി കോടതിയിൽ കാണാം- വാശി ഒരുങ്ങുമ്പോൾ

May 16, 2022

മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിനൊപ്പം തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷ് എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. വാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ജി രാഘവ് ആണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ്കുമാർ നിർമിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂൺ 17 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

ലോക്ക്ഡൗൺ കാലത്താണ് ചിത്രം പ്രഖ്യാപിച്ചത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു.

Read also; 30 വർഷത്തോളം ആൺവേഷം കെട്ടി ജീവിക്കേണ്ടിവന്ന സ്ത്രീ; കാരണം വെളിപ്പെടുത്തിയത് 57 ആം വയസിൽ

ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉർവ്വശി തീയ്യേറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്. 2017ല്‍ പുറത്തിറങ്ങിയ മാച്ച് ബോക്സ്സാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. അതേസമയം അച്ഛൻ പ്രൊഡ്യൂസ് ചെയ്‌യുന്ന സിനിമയിൽ മകളായ കീർത്തി നായികയാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ടൊവിനോ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാശി.

നാരദൻ ആണ് ടോവിനോ തോമസിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയ കീർത്തി സുരേഷിന്റേതായി അവസാനം മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം മഹേഷ് ബാബുവും കീർത്തി സുരേഷും ഒന്നിക്കുന്ന സർക്കാരു വാരി പാട്ടയാണ്. അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘സാനി കൈദം’ എന്ന ചിത്രവും താരത്തിന്റേതായി റിലീസിനൊരുങ്ങുകയാണ്.

Story highlights: Keerthy Suresh and Tovino Joins Together for Vaashi