‘സുരേഷ് ഗോപിയെ ഒരിക്കലും മറക്കാൻ കഴിയില്ല, അദ്ദേഹം എന്നുമെന്റെ ഹൃദയത്തിലുണ്ടാവും..’; നൊമ്പരപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് മണിയൻ പിള്ള രാജു

May 4, 2022

ഒരു തലമുറയെ മുഴുവൻ ആവേശം കൊള്ളിച്ച ആക്ഷൻ ഹീറോയാണ് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഡയലോഗുകളൊക്കെ ഓരോ മലയാളിക്കും മനഃപാഠമാണ്. ഒരായിരം വട്ടം ഓരോ മലയാളിയും പ്രിയനടന്റെ ഡയലോഗുകൾ ജീവിതത്തിൽ ആവർത്തിച്ചിട്ടുണ്ടാവും.

വെള്ളിത്തിരയിൽ അതിഗംഭീര പ്രകടനങ്ങളിലൂടെ കൈയടി വാങ്ങിയിട്ടുള്ള നടൻ ജീവിതത്തിലും ജനങ്ങൾക്ക് പ്രിയപ്പെട്ട താരമാണ്. രാജ്യസഭാ എംപി കൂടിയായിരുന്ന അദ്ദേഹം വർഷങ്ങളായി ജനങ്ങളുമായി അടുത്തിടപഴകി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നയാളായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ പല പ്രവർത്തികളും സമൂഹമാധ്യമങ്ങളിൽ വലിയ കൈയടി ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോൾ സുരേഷ് ഗോപിയുടെ സമയോചിതമായ ഒരു ഇടപെടൽ തന്റെ മകന്റെ ജീവൻ രക്ഷിച്ചതിനെ പറ്റിയുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മണിയൻ പിള്ള രാജു. സുരേഷ് ഗോപിയുടെ കൃത്യമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ തന്റെ മകൻ ഇപ്പോൾ ജീവനോടെ ഉണ്ടാവില്ലായിരുന്നുവെന്നും മണിയൻ പിള്ള രാജു കൂട്ടിച്ചേർത്തു.

കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന സമയത്ത് ഗുജറാത്തിൽ ജോലി ചെയ്യുകയായിരുന്നു മണിയൻ പിള്ള രാജുവിന്റെ മൂത്ത മകൻ സച്ചിൻ. അതിരൂക്ഷമായി കൊവിഡ് പിടിപെട്ട സച്ചിന്റെ അവസ്ഥ ഗുരുതരമായിരുന്നു. ഗുജറാത്തിലെ അധികം ആളുകളില്ലാത്ത ഒരു സ്ഥലത്തെ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മകന് സഹായത്തിനായി എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് താൻ സുരേഷ് ഗോപിയെ വിളിക്കുന്നതെന്നും അദ്ദേഹം കൃത്യമായ ഇടപെടലിലൂടെ മകനെ ആശുപത്രിയിൽ എത്തിച്ചുവെന്നും മണിയൻ പിള്ള രാജു പറഞ്ഞു.

Read More: ‘ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..? ആ മഹാനടന്റെ ചോദ്യം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി’- ശ്രദ്ധനേടി കുറിപ്പ്

ഗുജറാത്തിലെ നാലോളം എംപിമാരുമായി സഹായത്തിന് ബന്ധപ്പെട്ട സുരേഷ് ഗോപി തന്റെ മകനെ അത്യാധുനിക സൗകര്യമുള്ള ആംബുലൻസിൽ രാജ്‌കോട്ടിലെ ആശുപത്രിയിൽ എത്തിച്ചുവെന്നും അവിടെ ഡോക്ടർമാരും ആശുപത്രി അധികൃതരും എല്ലാത്തിനും തയാറായി നിൽക്കുകയായിരുന്നുവെന്നും മണിയൻ പിള്ള രാജു പറഞ്ഞു. സുരേഷ് ഗോപിയെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പറഞ്ഞ നടൻ അദ്ദേഹം എന്നും തന്റെ ഹൃദയത്തിലുണ്ടാവുമെന്നും കൂട്ടിച്ചേർത്തു.

Story Highlights: Maniyan pilla raju shares heart touching memory about suresh gopi