ലാലേട്ടന് മറ്റൊരു പിറന്നാൾ സമ്മാനം; ഒടിയന്റെ ഹിന്ദി പതിപ്പ് മൂന്നാഴ്ച കൊണ്ട് കണ്ടത് ഒരു കോടിയിലധികം പേർ, സന്തോഷം പങ്കുവെച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ
വലിയ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്ന ചിത്രമായിരുന്നു ‘ഒടിയൻ.’ മോഹൻലാലിൻറെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന് കൂടിയായിരുന്ന ചിത്രത്തെ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ തിയേറ്ററുകളിൽ ഏറ്റെടുത്തത്.
മലയാളത്തിൽ അത് വരെ കാണാത്ത ദൃശ്യ വിസ്മയങ്ങളുമായിട്ടാണ് ഒടിയൻ വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിന്റെ മേക്കിങ്ങിനെ പറ്റി ഒരു വിഭാഗം പ്രേക്ഷകരിൽ നിന്നും നെഗറ്റീവ് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി ഒടിയൻ മാറുകയായിരുന്നു. 100 കോടി ക്ലബ്ബിൽ കയറിയ അപൂർവ്വം മലയാള സിനിമകളിലൊന്ന് കൂടിയാണ് ചിത്രം.
അടുത്ത സമയം വരെ മലയാളത്തിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ഒടിയന്റെ പേരിലായിരുന്നു. കേജിഎഫ് 2 ആണ് ഈ റെക്കോർഡ് ഭേദിച്ചത്. കെജിഎഫ് 2 കേരളത്തില്‍ നിന്ന് ആദ്യദിനം 7 കോടിക്കും മുകളില്‍ നേടി എന്നാണ് കണക്കുകള്‍. മുന്‍പ് ഒടിയന് മാത്രമാണ് 7 കോടിക്ക് മുകളില്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 7.3 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു.
ഇപ്പോൾ ഒടിയൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ഏപ്രിൽ 23 നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ റിലീസ് ചെയ്തത്. യുട്യൂബിലൂടെ പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. വമ്പൻ പ്രതികരണമാണ് ചിത്രത്തിന് യൂട്യൂബിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. വെറും മൂന്നാഴ്ച കൊണ്ട് ഒരു കോടിയോളം പ്രേക്ഷകരാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിലൂടെ കണ്ടത്.
ഇപ്പോൾ ചിത്രം ഒരു കോടിയിലധികം പേര് കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ശ്രീകുമാർ മേനോൻ. ലാലേട്ടന് ഒരു കോടി പിറന്നാൾ ആശംസകൾ നേരുന്നു എന്ന് കുറിച്ച് കൊണ്ടാണ് സംവിധായകൻ സന്തോഷ് വാർത്ത പങ്കുവെച്ചത്.
Story Highlights: Odiyan hindi version has 1 crore views in youtube