സഞ്ജു-ബട്ലര് വെടിക്കെട്ട്, കൂറ്റൻ സ്കോറിൽ രാജസ്ഥാൻ; മറുപടി ബാറ്റിങ്ങിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി ഗുജറാത്ത്
ഒന്നാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്തിനെതിരെ കൂറ്റൻ സ്കോറാണ് രാജസ്ഥാൻ അടിച്ചു കൂട്ടിയിരിക്കുന്നത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ജോസ് ബട്ലറിന്റെയും നായകൻ സഞ്ജു സാംസണിന്റെയും ബാറ്റിംഗ് കരുത്തിലാണ് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് അടിച്ചെടുത്തിരിക്കുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ 9 ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 79 റൺസാണ് ഗുജറാത്ത് നേടിയിരിക്കുന്നത്.
56 പന്തില്‍ 89 റൺസെടുത്ത ജോസ് ബട്ലറും 26 പന്തില്‍ 47 റൺസ് അടിച്ചു കൂട്ടിയ സഞ്ജുവും കനത്ത പ്രഹരമാണ് ഗുജറാത്തിന് നൽകിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസാണ് സ്കോർ ബോർഡിലേക്ക് ചേർത്തത്. സായ് കിഷോറിന്റെ പന്തില്‍ സഞ്ജു പുറത്താവുമ്പോൾ മൂന്ന് സിക്സറുകളും അഞ്ച് ഫോറും നേടിയിരുന്നു.
തകർച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. രണ്ടാം ഓവറിലെ അവസാന പന്തില്‍ 3 റൺസ് മാത്രമെടുത്ത യശസ്വി ജയ്സ്വാളിനെ രാജസ്ഥാന് നഷ്ടമായി. എന്നാൽ പിന്നീട് ക്രീസിലെത്തിയ സഞ്ജു യഷ് ദയാലിനെതിരെ സിക്സടിച്ചാണ് തുടങ്ങിയത്. സഞ്ജു പുറത്തായതിന് ശേഷം ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പുറത്ത് വിക്കറ്റുകൾ വീഴുന്നുണ്ടായിരുന്നെങ്കിലും മറുഭാഗത്ത് ജോസ് ബട്ലര് ഉറച്ചു നിന്നു. ആദ്യ ഓവറുകളിൽ പതിയെ കളിച്ച ബട്ലര് അവസാന ഓവറുകളിൽ ഗുജറാത്ത് ബൗളർമാർക്കെതിരെ തുടർച്ചയായി ബൗണ്ടറികൾ പായിച്ചു. 12 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിംഗ്സ്. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read More: തന്നെ ഏറെ ബുദ്ധിമുട്ടിച്ച പേസ് ബൗളറെ പറ്റി വിരേന്ദർ സെവാഗ്; പക്ഷെ അത് അക്തറും ബ്രെറ്റ് ലീയുമല്ല
ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കുമ്പോൾ തോൽക്കുന്ന ടീമിന് ഒരവസരം കൂടി ലഭിക്കുന്നുണ്ട്. ലഖ്നൗവും ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടുന്ന എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടാൻ ഒരവസരം കൂടി ഇന്നത്തെ മത്സരത്തിൽ തോൽക്കുന്നവർക്ക് ലഭിക്കുന്നുണ്ട്.
Story Highlights: Rajasthan gets a huge score against gujarat