ലഖ്‌നൗവിനെ മറികടക്കാൻ രാജസ്ഥാൻ ഇറങ്ങുന്നു; എതിരാളികൾ ചെന്നൈ സൂപ്പർ കിങ്‌സ്

May 20, 2022

മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 ന് നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് തല ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെ തോൽപ്പിച്ച് രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്നത്തെ മത്സരത്തിൽ ജയിച്ച് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനാവും ടീം ശ്രമിക്കുന്നത്. ഒന്നാം ക്വാളിഫയറിൽ സ്ഥാനം നേടാൻ രാജസ്ഥാന് ഇന്ന് മികച്ച വിജയം തന്നെ നേടേണ്ടി വരും.

മികച്ച ബാറ്റിംഗ് നിരയിലും കരുത്തുറ്റ ബൗളിംഗ് നിരയിലും തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള ജോസ് ബട്‍ലറിനൊപ്പം സഞ്ജു സാംസണും ദേവ്‍ദത്ത് പടിക്കലും ചേരുമ്പോൾ വലിയ തലവേദനയാണ് രാജസ്ഥാൻ ബാറ്റിംഗ് നിര എതിർ ടീമുകൾക്ക് നൽകുന്നത്. അതോടൊപ്പം കഴിഞ്ഞ മത്സരങ്ങൾ നഷ്ടമായ ഷിമ്രോണ്‍ ഹെറ്റ്മെയറും കൂടി ചേരുമ്പോൾ ഏതൊരു ടീമും ഭയക്കുന്ന ബാറ്റിംഗ് നിരയായി രാജസ്ഥാൻ മാറുന്നുണ്ട്. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹൽ, രവിചന്ദ്ര അശ്വിൻ എന്നിവരുള്ള ബൗളിംഗ് നിരയിലും രാജസ്ഥാൻ റോയൽസിന് വലിയ പ്രതീക്ഷയാണുള്ളത്.

അതേ സമയം സമ്മർദ്ദങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ടീം ഇന്നിറങ്ങുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും മോശം പ്രകടനം തന്നെയാണ് ചെന്നൈ സീസണിലുടനീളം കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്നത്. പ്ലേ ഓഫിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ചെന്നൈ അവസാന മത്സരത്തിൽ മികച്ച വിജയം നേടി തല ഉയർത്തി ഈ സീസൺ അവസാനിപ്പിക്കാനാവും ശ്രമിക്കുന്നത്.

Read More: തന്നെ ഏറെ ബുദ്ധിമുട്ടിച്ച പേസ് ബൗളറെ പറ്റി വിരേന്ദർ സെവാഗ്; പക്ഷെ അത് അക്തറും ബ്രെറ്റ് ലീയുമല്ല

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മികച്ച വിജയം നേടിയത്. എന്നാൽ മത്സരത്തിൽ ജയിച്ച് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തിയെങ്കിലും അടുത്ത മത്സരത്തിൽ ഡൽഹി തോറ്റാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് കടക്കാൻ കഴിയൂ.

Story Highlights: Rajasthan vs chennai ipl match today