കണ്ണുനിറച്ച് കമൽഹാസൻ ചിത്രത്തിലെ ഗാനം; വിക്രം പ്രേക്ഷകരിലേക്ക്

May 25, 2022

തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രത്തിനായി കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. കമൽഹാസനും വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയനായകൻ ഫഹദ് ഫാസിലും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഗാനം. പോർക്കണ്ട സിങ്കം എന്ന ഗാനത്തിൽ ഒരു പിതാവിന്റെ മകളോടുള്ള വാത്സല്യമാണ് കാണാനാകുക.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും സിനിമാ പ്രേമികൾക്കിടയിൽ വലിയ രീതിയിൽ ആവേശം സൃഷ്ടിച്ചിരുന്നു. അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ കമൽ ഹാസനും ഫഹദുമെല്ലാം കാഴ്ചവയ്ക്കുന്നത്. ഇത് ഉറപ്പുവരുത്തിക്കൊണ്ടാണ് ട്രെയ്‌ലറും പുറത്തുവരുന്നത്. നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.

അതേസമയം കമൽ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിഞ്ഞ് എത്തുകയാണ് കമൽ.

Read also:മാതാപിതാക്കളുടെ മരണശേഷം അഞ്ച് സഹോദരങ്ങൾക്ക് അച്ഛനും അമ്മയുമായ ഒരു ചേച്ചിയുടെ കഥ- പ്രചോദനം ഈ ജീവിതം

അതേസമയം നിരവധി ചിത്രങ്ങളുമായി തമിഴ് സിനിമ മേഖലയിൽ തിരക്കുള്ള താരമാണ് കമൽഹാസൻ. ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് വിക്രം. ജൂണ്‍ 3 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സിനിമയുടെ ഒടിടി റിലീസ് ഡിസ്‌നി ഹോട് സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.

Story highlights; Vikram song goes trending