ആരാധകർക്കിടയിൽ മോശം മാതൃക സൃഷ്ടിക്കാൻ ആഗ്രഹമില്ല; കോടികളുടെ പരസ്യക്കരാർ വേണ്ടെന്ന് വെച്ച് യാഷ്

May 1, 2022

കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച നടനാണ് കന്നഡ താരം യാഷ്. ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ‘കെജിഎഫിന്റെ’ രണ്ടാം ഭാഗമായ ‘കെജിഎഫ് 2.’ പല ബോക്‌സ്ഓഫീസ് റെക്കോർഡുകളും ചിത്രം ആദ്യ ദിനം തന്നെ തകർത്തിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകൾ അതാത് ഇന്ടസ്ട്രികളിൽ മികച്ച കളക്ഷനാണ് ആദ്യ ദിനം നേടിയത്.

ഇപ്പോൾ മറ്റൊരു സംഭവത്തിലൂടെയാണ് യാഷ് വാർത്തകളിൽ നിറയുന്നത്. കോടികൾ വാഗ്ദാനം ചെയ്ത പരസ്യം വേണ്ടാന്ന് വെച്ചിരിക്കുകയാണ് താരം. പാൻ മസാലയുടെ പരസ്യമാണ് യാഷ് നിരസിച്ചത്. പരസ്യ കരാറിന്റെ ഭാഗമായി കോടികളാണ് നടന് വാഗ്ദാനം ചെയ്യപ്പെട്ടത്. എന്നാൽ ആരാധകരുടെയിടയിൽ ഒരു മോശം മാതൃക സൃഷ്ടിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് കരാർ യാഷ് വേണ്ടാന്ന് വെച്ചു എന്നാണ് യാഷിന്റെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സ് വ്യക്തമാക്കിയത്.

“യാഷ് ദീര്‍ഘകാല കരാറുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. യാഷ് വളരെ സൂക്ഷമതയോടെ മാത്രമേ പരസ്യത്തില്‍ അഭിനയിക്കൂ. യാഷിനെ ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകളുണ്ട്. അവര്‍ക്കിടയില്‍ മോശം മാതൃകയാകാന്‍ നടന്‍ ആഗ്രഹിക്കുന്നില്ല.”- പാൻ മസാലയുടെ കരാർ നിരസിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് എക്‌സീഡ് എന്റര്‍ടൈന്‍മെന്റ്‌സ് പറഞ്ഞു.

Read More: ബാസ്കറ്റ് കില്ലിംഗ് ചുരുളഴിക്കാൻ സിബിഐ; ട്വിസ്റ്റുകളുടെ അയ്യരുകളിയുമായി ‘ദി ബ്രെയിൻ’-റിവ്യൂ

അതേ സമയം കെജിഎഫ് 2 ലോകത്താകമാനം അമ്പരപ്പിക്കുന്ന വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും പറയുന്നത്.

Story Highlights: Yash refuses advertisement offer