പെപ്പെയായി അർജുൻ ദാസ്; അങ്കമാലി ഡയറീസ് ഹിന്ദിയിലേക്ക്

June 30, 2022

നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘അങ്കമാലി ഡയറീസ്’ ബോളിവുഡിലേക്ക്. ചെമ്പൻ വിനോദ് തിരക്കഥ എഴുതി മലയാളത്തിൽ നിറഞ്ഞാടിയ ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത് കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ്. അതേസമയം ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക അർജുൻ ദാസ് ആണ്. ഗാംഭീര്യമാർന്ന ശബ്ദത്തിലൂടെ ആരാധകരെ നേടിയ താരമാണ് അർജുൻ ദാസ്.

കമൽ ഹാസനെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ ‘വിക്രം’ എന്ന സിനിമയിൽ സൂര്യയ്ക്കൊപ്പം അർജുൻ ദാസും എത്തിയിരുന്നു. കൈതിയുടെ തുടർച്ചയെന്നോണമാണ് വിക്രം വന്നത്. വസന്ത ബാലൻ സംവിധാനം ചെയ്യുന്ന ‘അനീതി’ എന്ന ചിത്രത്തിലാണ് അർജുൻ ദാസ് അടുത്തതായി പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ അർജുൻ കുറച്ച് സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളും ചെയ്യുന്നുണ്ട്. കൂടാതെ ‘കൈതി 2’ എത്തുമ്പോൾ ശക്തമായ കഥാപാത്രമായും നടൻ എത്തും.

അതേസമയം മലയാളത്തിൽ അങ്കമാലിയായിരുന്നു ഈ സിനിമയ്ക്ക് പശ്ചാത്തലമായിരുന്നതെങ്കിൽ ഉൾനാടൻ ​ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ കഥാപരിസരമെന്നാണ് സൂചന. എന്നാൽ ഈ ചിത്രമൊരു റീമേക്കല്ലെന്നും ലിജോ ജോസ് ചിത്രം ഉൾക്കൊണ്ടുള്ള തന്റെ വ്യാഖ്യാനമായിരിക്കുമെന്നും സംവിധായിക മധുമിത പറഞ്ഞു.

Read also: വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ, രസകരമായ വിഡിയോ

മലയാളത്തില്‍ സൂപ്പർ ഹിറ്റായി മാറിയ ചിത്രം വലിയ വിജയത്തിന് ശേഷം മറ്റ് പല ഭാഷകളിലേക്കും മൊഴിമാറ്റത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ മുൻപ് വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ വിശ്വക് സെന്നാണ് നായകനായെത്തുന്നത് എന്നും റിപ്പോർട്ടുണ്ട്. മറാത്തിയില്‍ ചിത്രം കോലാപ്പൂര്‍ ഡയറീസ് എന്ന പേരിലായിരിക്കും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക.

Story highlights: Arjun das as peppes role in Hindi remake of angamaly diaries