രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ‘ബ്രഹ്മാസ്ത്രയുടെ’ ട്രെയ്‌ലർ എത്തി; മലയാളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് എസ് എസ് രാജമൗലി

June 15, 2022

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര.’ വലിയ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രൺബീർ കപൂറും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനും ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്രയ്ക്കായി വലിയ കാത്തിരിപ്പിലാണ് ആരാധകർ.

ഇപ്പോൾ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന വിഷ്വൽ ഇഫക്ട്സാണ് ചിത്രത്തിൽ ഉള്ളത്. ഇത് ട്രെയ്‌ലറിലും ദൃശ്യമാണ്.

അയൻ മുഖർജി സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളായിട്ടുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. അമിതാഭ് ബച്ചനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബാഹുബലി, ആർആർആർ തുടങ്ങിയ സിനിമകളുടെ സംവിധായകനായ എസ് എസ് രാജമൗലിയാണ് മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകൻ അയൻ മുഖർജിയും ഹുസൈൻ ദലാലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുന്നത്.

Read More: ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്- പത്താം ക്ലാസ് ഫലം പങ്കുവെച്ച് മീനാക്ഷി

അതേ സമയം ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് നാഗാർജുന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരുന്നു. ‘ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് ഞാൻ പൂർത്തിയാക്കി. ഇങ്ങനെയൊരു അതിശയകരമായ അനുഭവം നമ്മുടെ സ്റ്റെല്ലാർ പെർഫോമർമാരായ രൺബീർ, ആലിയ എന്നിവരോടൊപ്പമാണ്’. രൺബീറിനും ആലിയയ്ക്കും സംവിധായകനായ അയൻ മുഖർജിക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് നാഗാർജുന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Story Highlights: Brahmastra trailer released