സച്ചിയുടെ ഓർമകൾക്ക് രണ്ടാണ്ട്; വേദനയിൽ സിനിമാലോകം
കലാലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു സംവിധായകൻ സച്ചി അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ഒരുപാട് സുന്ദര സിനിമകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ബാക്കിയുണ്ടായിരുന്ന സച്ചിയുടെ ഓര്‍മ്മകളില്‍ നിന്നും വിട്ടകന്നിട്ടില്ല സിനിമാലോകവും. ഇന്ന് സച്ചിയെ മരണം കവർന്നിട്ട് രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ താരത്തിന്റെ ഓർമയിലാണ് കുടുംബവും സുഹൃത്തുക്കളും.
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘അയ്യപ്പനും കോശിയും’ ആണ് സച്ചിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ചിത്രം നേടിയത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ഏറ്റെടുത്തിരുന്നു. പൃഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും ശിഷ്യനും തമ്മില്‍ അപൂര്‍വമായ ചന്ദനത്തടിക്കായി നടത്തുന്ന ഒരു യുദ്ധകഥയാണ് വിലായത്ത് ബുദ്ധ എന്ന നോവല്‍.
അതേസമയം 2007ൽ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു അഭിഭാഷകനായിരുന്ന സച്ചിദാനന്ദന്റെ സിനിമ പ്രവേശനം. ചോക്ലേറ്റിൽ സേതുവിനൊപ്പം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച സച്ചി 2012ൽ ഇറങ്ങിയ ‘റൺ ബേബി റൺ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രനായി. ‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. മികച്ച സ്വീകാര്യതനേടിയ ചിത്രങ്ങളായിരുന്നു ഇവ രണ്ടും.
ഹൃദയാഘാതത്തെ തുടർന്നാണ് സച്ചി മരണത്തിന് കീഴടങ്ങിയത്. തൃശൂർ ജൂബിലി ഹോസ്പിറ്റലിലായിരുന്നു മരണം. അദ്ദേഹത്തിന് നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു. ആദ്യ സർജറി വിജയകരമായി പൂർത്തിയാക്കിയെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് തലച്ചോർ പ്രതികരിക്കുന്നില്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.
Story highlights; In memory of director Sachy