“മോനെ സിനിമ കണ്ടു, നീ അസ്സലായിട്ട് ചെയ്‌തു..”; ജോൺ ലൂഥറിലെ അഭിനയത്തിന് തനിക്കേറെ പ്രിയപ്പെട്ട മഹാനടന്റെ അഭിനന്ദനം ലഭിച്ചതിന്റെ ഓർമ്മയിൽ നടൻ ജയസൂര്യ

June 16, 2022

വ്യത്യസ്‌തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മലയാളത്തിലെ ഏതൊരു നടനെക്കാളും മുന്നിലാണ് നടൻ ജയസൂര്യ. അഭിനയ പ്രാധാന്യമുള്ള മികച്ച കുറെയേറെ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായി ഈ അടുത്ത കാലത്ത് പുറത്തു വന്നിട്ടുണ്ട്. ഏറ്റവും അവസാനമായി തിയേറ്ററുകളിലെത്തിയ അദ്ദേഹത്തിന്റെ ജോൺ ലൂഥർ എന്ന ചിത്രത്തിലെ കഥാപാത്രവും കൈയടി നേടുകയാണ്.

വലിയ പ്രശംസയാണ് ജയസൂര്യക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ ലഭിക്കുന്നത്. മികച്ച പ്രകടനം കാഴ്‌ചവെച്ച അദ്ദേഹത്തിന്റെ അഭിനയത്തെ പുകഴ്ത്തി സിനിമ മേഖലയിൽ നിന്ന് തന്നെ നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ജയസൂര്യ.

മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ് ജോൺ ലൂഥർ കണ്ടിട്ട് ജയസൂര്യയെ വിളിച്ച് അഭിനന്ദിച്ചത്. മോഹൻലാലിൻറെ കുടുംബം തന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും അദ്ദേഹത്തിന്റെ പത്നി സുചിത്ര ചേച്ചി പലപ്പോഴും സിനിമകൾ കണ്ട് തന്നെ വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും ജയസൂര്യ പറയുന്നു.

ജോൺ ലൂഥർ കണ്ടതിന് ശേഷം വിളിച്ചപ്പോൾ ഫോൺ നേരിട്ട് ലാലേട്ടന് കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ അഭിനന്ദിച്ചുവെന്നും പറയുകയാണ് ജയസൂര്യ. “മോനെ ജോൺ ലൂഥർ നന്നായിട്ടുണ്ട്. നന്നായിട്ട് ഷൂട്ട് ചെയ്‌തിട്ടുണ്ട്‌. നീ അസ്സലായിരിക്കുന്നു, നീ നന്നായിട്ട് ചെയ്‌തിട്ടുണ്ട്‌” എന്നാണ് മോഹൻലാൽ പറഞ്ഞതെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

Read More: ഇട്ടിമാണിയിലെ പാട്ട് കേട്ട് ലാലേട്ടൻ പറഞ്ഞത്..; രസകരമായ സംഭവം വിവരിച്ച് വൈക്കം വിജയലക്ഷ്‌മി

അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ‘ജോൺ ലൂഥർ’ ഒരു ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടറായാണ് ജയസൂര്യ എത്തുന്നത്. ജോൺ ലൂഥർ എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്. ജോൺ ലൂഥർ അന്വേഷിച്ച രണ്ട് ക്രൈം കേസുകളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നേറുന്നത്.

Story Highlights: Jayasurya about receiving appreciation from mohanlal for john luther