കെപിഎസി ലളിതയുടെ അവസാനചിത്രം പ്രേക്ഷകരിലേക്ക്; ചർച്ചയായി ബാലാജി പങ്കുവെച്ച വിഡിയോ

June 17, 2022

അഭിനേത്രി എന്നതിലുപരി മലയാളികൾക്ക് ഓരോരുത്തർക്കും അവരുടെ വീട്ടിലെ അംഗം കൂടിയാണ് കെപിഎസി ലളിത. അഞ്ഞൂറിലധികം ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ കെപിഎസി ലളിത അവസാനമായി അഭിനയിച്ച വീട്ട്ലാ വിശേഷം എന്ന തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തുമ്പോൾ കെപിഎസി ലളിതയുടെ മരണത്തോടനുബന്ധിച്ച് ആർ ജെ ബാലാജി പോസ്റ്റ് ചെയ്ത വിഡിയോയാണ് സിനിമപ്രേമികൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്.

ബാലാജിക്കൊപ്പം നൃത്തം ചെയ്യുന്ന ലളിതാമ്മയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരുമിച്ചഭിനയിക്കുന്ന അവസാനത്തെ ചിത്രമാണിതെന്ന് അറിഞ്ഞില്ലല്ലോ എന്ന ദുഃഖത്തോടെയാണ് അന്ന് ബാലാജി വിഡിയോ പങ്കുവെച്ചത്. ബോളിവുഡ് ചിത്രം ബദായി ഹോയുടെ തമിഴ് പതിപ്പിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. അതേസമയം ‘വീട്ട്ലാ വിശേഷ’ത്തിൽ ഉർവശി,സത്യരാജ് എന്നിവർക്കൊപ്പമാണ്‌ കെപിഎസി ലളിത വേഷമിട്ടിരിക്കുന്നത്. മലയാള നടി അപർണ ബാലമുരളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also: ഇത് തനി നാട്ടിൻപുറം സ്റ്റൈൽ റേസിങ്; സോഷ്യൽ ഇടങ്ങളിൽ ഹീറോയായി കുട്ടി റേസർമാർ

ആയുഷ്മാൻ ഖുറാന നായകനായ ‘ബദായ് ഹോ’ റീമേക്ക് ആണ് ‘വീട്ട്ലാ വിശേഷം’. ആയുഷ്മാൻ ഖുറാനയുടെ വേഷം ആർജെ ബാലാജിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നടന്മാരായ സത്യരാജും ഉർവ്വശിയും യഥാക്രമം നടന്മാരായ ഗജരാജ് റാവു, നീന ഗുപ്ത എന്നിവരുടെ വേഷങ്ങൾ അവതരിപ്പിക്കുന്നു. ഒരു ഫാമിലി എന്റർടെയ്‌നറായ ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രണ്ട് ആൺമക്കളുള്ള ഒരു അമ്മ 50-കളിൽ ഗർഭിണിയാകുമ്പോഴുള്ള രസകരമായ നിമിഷങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. ആർജെ ബാലാജിയാണ് ചിത്രത്തിന്റെ സഹസംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. എൻ ജെ ശരവണനാണ് മറ്റൊരു സംവിധായകൻ. മൂക്കുത്തി അമ്മൻ എന്ന തമിഴ് കോമഡി ചിത്രത്തിന് വേണ്ടി ഇരുവരും നേരത്തെ സഹകരിച്ചിരുന്നു.

Story highlights: KPAC Lalitha’s last film in theatres