“ആരാണ് യഥാർത്ഥ നമ്പി..”; രസകരമായ വിഡിയോ പങ്കുവെച്ച് നടൻ മാധവനും നമ്പി നാരായണനും

June 16, 2022

മലയാളിയായ പ്രശസ്‌ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമിക്കപ്പെട്ട ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്.’ മലയാളി കൂടിയായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘റോക്കട്രി’ പ്രഖ്യാപനം ഉണ്ടായ നാൾ മുതൽ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ്. നമ്പി നാരായണന്റെ 27 വയസ്സു മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

ചിത്രവുമായി ബന്ധപ്പെട്ട പല വാർത്തകളും കഴിഞ്ഞ കുറച്ചു നാളുകളായി ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി നടൻ മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച രസകരമായ ഒരു വിഡിയോയാണ് വൈറലാവുന്നത്.

ചിത്രത്തിൽ നമ്പി നാരായണനായി വേഷമിട്ട മാധവനും യഥാർത്ഥ നമ്പി നാരായണനും ഒരു ക്യാമറയ്ക്ക് മുൻപിൽ ഇരുന്ന് ഡയലോഗ് പറയുന്ന വിഡിയോയാണ് മാധവൻ പങ്കുവെച്ചത്. പറയാൻ പോകുന്ന ഡയലോഗിനെ പറ്റി സംസാരിച്ച ഇരുവരും പരസ്‌പരം കളിയാക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്‌തതും മാധവൻ തന്നെയാണ്.

Read More: ‘ഫാമിലി ഓഡിയൻസ് ഏറ്റെടുത്തു, അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശ്നമായി’- മകന്റെ രസകരമായ വിഡിയോയുമായി രമേഷ് പിഷാരടി

വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് റോക്കട്രി.

Story Highlights: Madhavan and nambi narayanan share funny video