ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം- സുകുമാരന്റെ ഓർമയിൽ മല്ലിക
മലയാളത്തിന്റെ പ്രിയനടൻ സുകുമാരൻ ഓർമ്മയായിട്ട് ഇന്ന് ഇരുപത്തിയഞ്ച് വർഷങ്ങൾ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ ഭാര്യയും നടിയുമായ മല്ലിക സുകുമാരൻ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമായിരിക്കാം ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ… ഒപ്പമുണ്ട്… ഇന്നും…’ എന്നാണ് മല്ലിക, സുകുമാരന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ചലച്ചിത്രതാരങ്ങളും എഴുത്തുകാരുമുൾപ്പെടെ നിരവധിപ്പേരും അദ്ദേഹത്തിന് സ്മരണാഞ്ജലിയുമായി എത്തി.
അതേസമയം 1997 ജൂൺ പതിനാറാം തീയതിയാണ് സുകുമാരൻ ഈ ലോകത്തോട് വിടപറഞ്ഞത്. 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോകുമ്പോൾ പെട്ടെന്ന് ഒരു നെഞ്ചുവേദന അനുഭവപ്പെടുകയും അവിടെ നിന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മൂന്നുദിവസത്തോളം ആശുപത്രിയിൽ കിടന്ന ശേഷമാണ് അദ്ദേഹം സിനിമാലോകത്തോടും ആരാധകരോടും വിടപറഞ്ഞുകൊണ്ട് മരണത്തിന് കീഴടങ്ങിയത്. 52 ആം വയസിലാണ് അദ്ദേഹം മരിച്ചത്.
അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയിൽ എം ടി വാസുദേവൻനായർ സംവിധാനം ചെയ്ത ‘നിർമ്മാല്യം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ തുടക്കം. ചിത്രത്തിൽ ധിക്കാരിയായ ചെറുപ്പക്കാരന്റെ വേഷത്തിലാണ് സുകുമാരൻ അഭിനയിച്ചത്. പിന്നീട് ശംഖുപുഷ്പം എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തു. ഇതോടെയാണ് അദ്ദേഹം സിനിമ ലോകത്ത് സജീവമായത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാള സിനിമയിൽ തിളങ്ങിനിന്ന അദ്ദേഹത്തിന് ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
Read also: ഇടിമിന്നലേറ്റ് മരത്തിന്റെ ഉൾഭാഗം കത്തുന്നു..? വിഡിയോ വൈറൽ
അതേസമയം സുകുമാരനെപ്പോലെതന്നെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും തെന്നിന്ത്യൻ സിനിമയിൽ തിരക്കുള്ള താരങ്ങളാണ്.
Story highlights; Mallika Sukumaran About Sukumaran on his 25th-death anniversary