മരക്കാറിനും ഹൃദയത്തിനും ശേഷം ഹിറ്റ് ജോഡികൾ വീണ്ടുമൊന്നിക്കുന്നു; പ്രണവ്- കല്യാണി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ
കുറഞ്ഞ സിനിമാകൾക്കൊണ്ടുതന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളാണ് പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ എന്നിവർ. ഇരുവരും ഒന്നിച്ച മരക്കാർ- അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങൾ വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രങ്ങളായിരുന്നു. പ്രണവ്- കല്യാണി ജോഡികളെ ഹൃദയത്തിലേറ്റിയ സിനിമാപ്രേമികൾക്ക് ആവേശം പകരുകയാണ് ഇരുവരും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നുവെന്ന് വാർത്ത. വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിന്റെ കലാ സംവിധായകന് പ്രശാന്ത് അമരവിള പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകുന്നത്. ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വീണ്ടും ഒരുമിക്കാൻ പോകുന്നു എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട് പ്രശാന്ത് അമരവിള. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്നുവെന്ന താരത്തിൽ വാർത്തകൾ നേരത്തെ വന്നിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്ന മോഹൻലാൽ- ലിസി പ്രിയദർശൻ എന്നിവരുടെ മക്കൾ വെള്ളിത്തിരയിൽ ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംഷയും പ്രതീക്ഷയും വാനോളമാണ്.
ഹൃദയമാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം, അരുൺ- നിത്യ എന്നീ കഥാപാത്രങ്ങളെയാണ് സിനിമയിൽ ഇരുവരും അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്കും ഇരുവരുടെയും കഥാപാത്രങ്ങൾക്കും ലഭിച്ചത്. പാട്ടിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര അവാര്ഡില് മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യുമെന്നാണ് സൂചന.
Story highlights: Pranav and Kalyani joins together