ഫഹദും അല്ലുവും വീണ്ടും നേർക്കുനേർ; പുഷ്‌പയുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് തുടങ്ങുന്നു

June 16, 2022

കഴിഞ്ഞ ഡിസംബർ 17 നാണ് സിനിമ ആരാധകരെ ആവേശം കൊള്ളിച്ച് ‘പുഷ്‌പ’ റിലീസിനെത്തിയത്. സുകുമാർ സംവിധാനം നിർവഹിച്ച ‘പുഷ്‌പ’ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ തരംഗമായിരുന്നു. കള്ളക്കടത്തുകാരൻ പുഷ്പരാജായി അല്ലു അർജുൻ വേഷമിട്ട ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

ആദ്യഭാഗം പുറത്തിറങ്ങിയതുമുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോൾ പുഷ്‌പയുടെ രണ്ടാം ഭാഗമായ ‘പുഷ്‌പ: ദി റൂളി’ന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ചിത്രീകരണം തുടങ്ങി വളരെ പെട്ടെന്ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഫഹദ് തുടക്കം മുതൽ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി മലയാളി പ്രേക്ഷകരും വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Read More: “മരണപ്പെട്ടുപോയ സ്വന്തം നായക്കുട്ടിയെ ഓർത്തു പോയി..”; 777 ചാർളി കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വലിയ റെക്കോർഡിട്ടിരുന്നു. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കൊണ്ട് ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. രജനി കാന്തിനും, പ്രഭാസിനും ശേഷം ബോളിവുഡിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യൻ താരമായി മാറുകയായിരുന്നു ഇതോടെ അല്ലു അർജുൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിന്ദി ഫിലിം ഇൻഡസ്ട്രിയിൽ പ്രാദേശിക സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് ചിത്രത്തിന്റെ വമ്പൻ വിജയം.

Story Highlights: Pushpa: the rule shooting begins in august