അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത

June 3, 2022

അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ജൂൺ മൂന്ന്, അഞ്ച്, ആറ് തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ മഴ സാധ്യത എന്നാണ് റിപ്പോർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, പാലക്കാട്‌ ജില്ലകളിലായിരിക്കും കൂടുതൽ മഴയ്ക്ക് സാധ്യത. അതേസമയം അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കനക്കുക.

എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പാടുള്ളതല്ല. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇടിമിന്നൽ സാധ്യതയുള്ളപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഇടിമിന്നൽ അപകടകാരികളാണ്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്.

ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

Story highlights: Rain forecast June 3 updates