സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണം; അഭിപ്രായവുമായി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

June 9, 2022

മികച്ച പ്രകടനമാണ് ഈ കഴിഞ്ഞ ഐപിഎൽ സീസണിൽ സഞ്ജു സാംസൺ പുറത്തെടുത്തത്. രാജസ്ഥാൻ റോയൽസിന്റെ നായകൻ കൂടിയായ താരം നിരവധി മത്സരങ്ങളിൽ നിർണായക ഇന്നിങ്‌സുകളിലൂടെ ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചിരുന്നു. നായകനായും തിളങ്ങിയ സഞ്ജുവിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയത്.

ഇപ്പോൾ മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിനെ ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പ് ടീമിലെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് കൂടിയായ രവി ശാസ്ത്രി. ഓസ്‌ട്രേലിയൻ ഗ്രൗണ്ടുകളിൽ ഏറ്റവും മികച്ച ബൗളർമാർക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കാൻ കഴിയുന്ന താരങ്ങളിലൊരാൾ സഞ്ജുവാണെന്ന് പറഞ്ഞിരിക്കുകയാണ് രവി ശാസ്ത്രി.

ഏറ്റവും കൂടുതൽ ഷോട്ടുകളും കൈവശമുള്ള സഞ്ജു മിക്ക ടീമിലെയും ഒന്നാം നമ്പർ ബൗളർമാർക്ക് വലിയ ഭീഷണി ഉയർത്താൻ ശേഷിയുള്ള താരമാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

അതേ സമയം ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് രവി ശാസ്ത്രി നേരത്തെയും സഞ്ജുവിനെ പുകഴ്‌ത്തി സംസാരിച്ചിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയപ്പോൾ ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ സഞ്ജു 5 സിക്സും 3 ബൗണ്ടറിയും ഉൾപ്പെടെ 27 പന്തിൽ 55 റൺസ് നേടിയിരുന്നു. ഈ ഇന്നിംഗ്‌സിനെ പുകഴ്ത്തിയാണ് രവി ശാസ്ത്രി അന്ന് സംസാരിച്ചത്.

Read More: “ഞങ്ങളൊക്കെ ഒരേ കുടുംബമാണ്, നമ്മുടെ കോലി എന്ന് പറയുന്നതിൽ തെറ്റില്ല..”; വിരാട് കോലിയുമായുള്ള സൗഹൃദത്തെ പറ്റി പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ

ലോകത്തെ ഏത് ഗ്രൗണ്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന താരമാണ് സഞ്ജുവെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. “തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഷോട്ട് സെലക്ഷനൊക്കെ ഗംഭീരമായിരുന്നു. വിക്കറ്റിന്റെ പേസും മനസിലാക്കിയാണ് അവന്‍ ബാറ്റ് വീശിയത്. പന്ത് ടേണ്‍ ചെയ്യുന്നില്ലെന്ന് സഞ്ജുവിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ലോകത്തെ ഏത് ഗ്രൗണ്ടും ക്ലിയര്‍ ചെയ്യാനുള്ള കരുത്ത് അവനുണ്ട്.” – സഞ്ജുവിനെ പ്രശംസിച്ച് രവി ശാസ്ത്രി പറഞ്ഞു.

Story Highlights: Sanju samson should be selected for the T20 world cup according to ravi shastri