6 വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു, ഇന്ദുചൂഡനല്ല ഷാജി കൈലാസ്; കൊവിഡ്, പ്രളയം, ഉരുൾപൊട്ടൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ‘കടുവ’ പ്രേക്ഷകരിലേക്ക്
മെഗാ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാജി കൈലാസ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളെടുത്ത സംവിധായകൻ മാറിയ മലയാള സിനിമയുടെ മുഖങ്ങളിൽ ഒന്ന് കൂടിയായിരുന്നു. ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സിനിമകൾ ആയിരുന്നു എല്ലാ കാലത്തും മലയാളികൾക്ക് പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ. അങ്ങനെയുള്ള പ്രേക്ഷകരിലേക്കാണ് തീപ്പൊരി ഡയലോഗുകൾ പറയുന്ന ആക്ഷൻ ഹീറോകളെ ഷാജി കൈലാസ് എത്തിച്ചത്.
മറ്റൊരാൾക്ക് പകർത്താനാവാത്ത വിധം തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുത്ത സംവിധായകൻ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു മലയാള ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. തന്റെ തനത് ശൈലിയിലുള്ള ഒരു ആക്ഷൻ ചിത്രവുമായിട്ട് തന്നെയാണ് അദ്ദേഹം വീണ്ടും വന്നിരിക്കുന്നത്. യുവനടന്മാരിൽ ഏറ്റവും ജനപ്രീതിയുള്ള സൂപ്പർ താരമായ പൃഥ്വിരാജിന്റെ ‘കടുവയാണ് ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രം.
ജൂൺ 30 നാണ് കടുവ റിലീസ് ചെയ്യുന്നത്. വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് കടുവ ചിത്രീകരണം പൂർത്തിയാക്കുന്നത്. കൊവിഡ് സമയത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം പലപ്പോഴും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും കൊവിഡ് വന്നതിനെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടി വന്നു. പിന്നീട് ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോഴും പ്രളയവും ഉരുൾപൊട്ടലും ചിത്രീകരണത്തിന് വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. നായക കഥാപാത്രത്തിന്റെ വീടിന് അടുത്ത് നിർമിച്ച സെറ്റും റോഡുമെല്ലാം മഴയിൽ ഒലിച്ചു പോവുകയായിരുന്നു.
ഒടുവിൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഷാജി കൈലാസ് തന്റെ നാൽപത്തി നാലാം ചിത്രം പൂർത്തിയാക്കിയിരിക്കുകയാണ്. വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ചിത്രത്തിന് മേലുള്ളത്.
അതേ സമയം പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ് കടുവ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം റീലിസിനെത്തുന്നുണ്ട്. കടുവയുടെ മറ്റ് ഭാഷകളിലുള്ള പോസ്റ്ററുകൾ പൃഥ്വിരാജ് നേരത്തെ പുറത്തു വിട്ടിരുന്നു.
Story Highlights: Shaji kailas returns to malayalam film industry after 6 years