എവിടുന്നോ വന്നു എങ്ങോട്ടോ പോയി; കൗതുകമായി ‘ഉല്ലാസം’ ട്രെയ്‌ലർ

June 5, 2022

സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളിൽ മികവുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച താരത്തിന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുതന്നെയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഉല്ലാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പുതിയ ലുക്കിൽ ഷെയ്ൻ നിഗം എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചലച്ചിത്രതാരം മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയത്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജീവൻ ജോജോയാണ്. പവിത്ര ലക്ഷ്മിയാണ് സിനിമയിൽ ഷെയ്‌നിന്റെ നായികയായി വേഷമിടുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ പവിത്ര ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഉല്ലാസം. പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും വരികൾ തയാറാക്കിയിരിക്കുന്നത് ഹരിനാരായണനുമാണ്. തെന്നിന്ത്യയിലെ പ്രശസ്ത നൃത്ത സംവിധായകൻ ബാബ ഭാസ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. അതേസമയം ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’. ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്. ഭൂതകാലമാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച സ്വീകാര്യത നേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്.

Read also: മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി ഭാവന; പുതിയ ചിത്രം ഷെയ്ൻ നിഗത്തിനൊപ്പം..?

ഒരു ഹൊറർ സിനിമയായി ഒരുങ്ങിയ ഭൂതകാലത്തിൽ ഷെയിൻ നിഗവും രേവതിയും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെയുള്ള നിരവധി സിനിമാപ്രവർത്തകർ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ പങ്ക് വെച്ചിരുന്നു. മാനസിക പിരിമുറുക്കം നേരിടുന്ന ഒരമ്മയും മകനും ജീവിക്കുന്ന വീട്ടിൽ നടക്കുന്ന ദുരൂഹമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Story highlights: Shane Nigam Ullasam Official Trailer