‘പിക്കറ്റ് 43’ പോലൊരു സിനിമ ചെയ്യൂ, ഇക്കാര്യം ഇനി പൃഥ്വിരാജിനോട് പറയണോ: മേജർ രവിയോട് അൽഫോൺസ് പുത്രൻ
സൈനികരുടെ ജീവിതം വരച്ചുകാണിച്ചുകൊണ്ട് മേജർ രവി പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് പിക്കറ്റ് 43. പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യത നേടിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ പിക്കറ്റ് 43 പോലൊരു ചിത്രം ഒന്നുകൂടി ചെയ്യൂവെന്ന് മേജർ രവിയോട് ആവശ്യപ്പെടുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പ്രകടിപ്പിച്ച അൽഫോൺസ് പുത്രൻ ഇനി ഇക്കാര്യം താൻ പൃഥ്വിരാജിനോട് സംസാരിക്കണമോ എന്നും ചോദിക്കുന്നുണ്ട്. ഒപ്പം താൻ പറയുന്നത് വെറുതെയല്ലെന്ന് ഈ പോസ്റ്റിന് താഴെ ലഭിക്കുന്ന ലൈക്കിൽ നിന്നും വ്യക്തമാകുമെന്നും അൽഫോൺസ് പുത്രൻ കുറിച്ചു.
മേജർ രവി സാർ, ദയവായി പിക്കറ്റ് 43 പോലൊരു ചിത്രം കൂടി ചെയ്യൂ, ഈ ചിത്രം കണ്ടപ്പോൾ ആദ്യം കരുതിയത് ഇത് യുദ്ധത്തെക്കുറിച്ച് പറയുന്ന സിനിമയാണെന്നാണ് എന്നാൽ ചിത്രം കണ്ടപ്പോൾ ആ ചിന്തയെല്ലാം മാറി. താങ്കളോപ്പോലൊരു ഓഫീസറിൽ നിന്ന് പട്ടാളക്കാരുടെ വളരെ വ്യത്യസ്തമായ ഒരു വീക്ഷണം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. അത്തരത്തിൽ ഒരു ചിത്രം ചെയ്യാൻ ഞാൻ ഇനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ..? വളരെയധികം ഹൃദയസ്പർശിയായ ചിത്രമായിരുന്നു അത്. ഞാൻ പറയുന്നത് വെറുമൊരു വിഡ്ഢിത്തമല്ലെന്ന് ഈ പോസ്റ്റിന് താഴെ വരുന്ന കമന്റിൽ നിന്നും വ്യക്തമാകുമെന്നും അൽഫോൺസ് പുത്രൻ കുറിച്ചു.
അതേസമയം ഇതിന് മറുപടിയുമായി മേജർ രവിയും രംഗത്തെത്തി, പിക്കറ്റ് 43 തനിക്കും ഒരു അത്ഭുതമായിരുന്നുവെന്നും, അത്തരത്തിൽ മറ്റൊരു പ്രൊജക്ടിന്റെ പിന്നാലെയാണ് കഴിഞ്ഞ നാല് വര്ഷമായി താനെന്നും പറഞ്ഞ മേജർ രവി താൻ അത് ഉടനെ വെളിപ്പെടുത്തുമെന്നും അത് താങ്കൾക്കും ഇഷ്ടപ്പെടുമെന്നും ഉടൻതന്നെ നമുക്ക് നേരിൽ കാണാമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
അതേസമയം അഗ്നിപഥ് എന്ന പദ്ധതി ഏറെ ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് എന്നതും ഏറെ ശ്രദ്ധേയമാണ്.
Story highlights: Should I tell Prithviraj to do a film like picket 43- Alphonse Puthren