“മക്കൾ സെൽവൻ എന്നാദ്യമായി വിളിച്ചത് ഒരു സ്വാമി, അതാരാണെന്ന് ചോദിച്ചാൽ..”; രസകരമായ സംഭവം വിവരിച്ച് വിജയ് സേതുപതി

June 23, 2022

കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് അമ്പരപ്പിക്കുന്ന ജനപ്രീതിയാണ് നടൻ വിജയ് സേതുപതി നേടിയെടുത്തത്. വലിയ ആരാധക വൃന്ദമാണ് അദ്ദേഹത്തിനുള്ളത്. മികച്ച ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരം നിരവധി വ്യത്യസ്‌തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ആരാധകർ സ്നേഹത്തോടെ മക്കൾ സെൽവൻ എന്നാണ് താരത്തെ വിളിക്കാറുള്ളത്. ജനങ്ങളുടെ മകൻ എന്നാണ് ഈ പേരിനർത്ഥം. ഇപ്പോൾ തനിക്ക് മക്കൾ സെൽവൻ എന്ന പേര് വന്നതെങ്ങനെയെന്ന് പറയുകയാണ് വിജയ് സേതുപതി. തന്റെ പുതിയ ചിത്രമായ മാമനിതന്റെ പ്രൊമോഷൻ സമയത്താണ് താരം രസകരമായ സംഭവം പങ്കുവെച്ചത് .

ഒരു സ്വാമിയാണ് തന്നെ ആദ്യമായി ഈ പേര് വിളിച്ചതെന്ന് പറയുകയാണ് താരം. ആണ്ടിപ്പെട്ടിയിൽ തേയില തൊഴിലാളികളുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ആ സ്വാമി. അദ്ദേഹത്തിന്റെ കൈയിൽ നിന്ന് താൻ ഭക്ഷണം വാങ്ങി കഴിച്ചുവെന്നും അതിന് ശേഷം അദ്ദേഹം തനിക്ക് അഞ്ഞൂറ് രൂപ തന്നുവെന്നും പറഞ്ഞ താരം ആ സ്വാമിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ സീനു രാമസ്വാമിയെന്നും കൂട്ടിച്ചേർത്തു.

Read More: വർഷങ്ങളുടെ കാത്തിരിപ്പ് പൂർത്തിയാവുന്നു; ‘ആടുജീവിതം’ അവസാന ഷെഡ്യൂൾ പത്തനംതിട്ടയിൽ ഷൂട്ടിംഗ് ആരംഭിച്ചു

അതേ സമയം കമൽ ഹാസൻ ചിത്രം വിക്രമാണ് വിജയ് സേതുപതിയുടെ ഏറ്റവും അവസാനമായി തിയേറ്ററുകളിലെത്തിയ സിനിമ. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’ കമൽ ഹാസനും വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു.

Story Highlights: Vijay sethupathy about his title makkal selvan