‘ലാഭത്തിന്റെ നല്ലൊരു ഭാഗം മൃഗക്ഷേമത്തിന് പ്രവർത്തിക്കുന്ന എൻജിഒകൾക്ക്’; വലിയ കൈയടി നേടിയ തീരുമാനവുമായി 777 ചാർളി ടീം
കെജിഎഫ് 2 വിന് ശേഷം കന്നഡ സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ റിലീസായി എത്തി മികച്ച വിജയം നേടിയ ചിത്രമാണ് ‘777 ചാർളി.’ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം കൂടിയാണ് കന്നഡ സൂപ്പർ താരം രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി.’
കന്നഡ സിനിമയിലെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ശബ്ദമായി മാറിയ യുവനടനാണ് രക്ഷിത് ഷെട്ടി. അഭിനയത്തോടൊപ്പം തിരക്കഥ രചനയിലും സജീവമായിട്ടുള്ള നടൻ ‘ഉള്ളിടവറു കണ്ടന്തേ’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്. നാടക രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരം കന്നഡയിലെ പുതുതലമുറ സിനിമയിലെ നിർണായക സാന്നിധ്യം കൂടിയാണ്.
വലിയ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ചിത്രം ഹൃദ്യമായ ഒരനുഭവവും സമ്മാനിക്കുകയായിരുന്നു.
ഇപ്പോൾ തിയേറ്ററുകളിൽ 25 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രം. ഈ വേളയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ ഒരു പ്രഖ്യാപനമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ എൻജിഒകൾക്ക് നൽകാനാണ് 777 ചാർളി ടീം തീരുമാനിച്ചിരിക്കുന്നത്. നടൻ രക്ഷിത് ഷെട്ടി തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്.
Faith and gratitude has made this day possible! Reveling in 25 days of your love😊#777Charlie @Kiranraj61 @PrithviOfficial @karthiksubbaraj @RanaDaggubati @RajbShettyOMK @sangeethaSring @actorsimha @DanishSait @nobinpaul @pratheek_dbf @ParamvahStudios pic.twitter.com/1LoWBCF9E2
— Rakshit Shetty (@rakshitshetty) July 4, 2022
ഒരു ഫീൽ ഗുഡ് മൂവിയായി ഒരുങ്ങിയ ചിത്രം കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി 5 ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ സൂപ്പർതാരം പൃഥ്വിരാജാണ് ‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണം നിർവഹിച്ചത്. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്.
Story Highlights: 777 charlie team announcement