ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാളം ചിത്രം ‘മൈക്ക്’ ഓഗസ്റ്റിൽ പ്രേക്ഷകരിലേക്ക്
ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവ് എന്ന നിലയിൽ തുടക്കം കുറിക്കുന്ന ആദ്യ മലയാള സിനിമയാണ് “മൈക്ക്”. അനശ്വര രാജൻ നായികയായി എത്തുന്ന ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജെഎ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മൈക്ക്. ആഷിക് അക്ബർ അലിയുടേതാണ് തിരക്കഥ.
ചിത്രം മൈസൂരിൽ ഒക്ടോബർ 20 ന് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മൈസൂർ, കട്ടപ്പന, വൈക്കം, ധർമ്മശാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ സിനിമ ചിത്രീകരിച്ചിരുന്നു. അനശ്വര രാജൻ, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുള് വഹാബ് ആണ്. രഞ്ജിത്ത് കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. അതേസമയം, മോഹിത് സൂരിയുടെ “ഏക് വില്ലൻ റിട്ടേൺസ്” എന്ന ചിത്രത്തിലാണ് ജോൺ എബ്രഹാം അടുത്തതായി അഭിനയിക്കുന്നത്. ജൂലൈ 29 ന് ഈ ചിത്രം പ്രദർശനത്തിനെത്തും.
Read Also; തിരക്കില്ലാത്ത ലളിതമായ ജീവിതം ആഗ്രഹിക്കുന്നവരാണോ? ശീലമാക്കാം ഈ രീതികൾ
അതേസമയം, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന സിനിമയിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയ നടിയാണ് അനശ്വര രാജൻ. അടുത്തിടെ ഗിരീഷ് എഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിലും നടി വേഷമിട്ടിരുന്നു. അനശ്വരയ്ക്കൊപ്പം അഭിനേതാക്കളായ അർജുൻ അശോകനും മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Story highlights- anaswara rajan’s ‘Mike’ to release in August