“പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, സച്ചി എല്ലാം അറിയുന്നുണ്ടാവും..”; പുരസ്‌ക്കാര നേട്ടത്തിൽ ബിജു മേനോന്റെ ഉള്ള് തൊടുന്ന പ്രതികരണം

July 22, 2022

മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാര നേട്ടത്തിന് ശേഷം ഇരട്ടി മധുരം പോലെയാണ് നടൻ ബിജു മേനോനെ തേടി ദേശീയ പുരസ്ക്കാരം എത്തിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനാണ് ബിജു മേനോന് മികച്ച സഹനടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചത്. സിനിമ ഇറങ്ങിയ സമയം മുതൽ തന്നെ വലിയ പ്രശംസയാണ് നടന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ നൽകിയത്. ബിജു മേനോന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ചിത്രത്തിലെ അയ്യപ്പൻ നായർ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ഇപ്പോൾ ദേശീയ പുരസ്‌ക്കാര നേട്ടത്തിലുള്ള ബിജു മേനോന്റെ പ്രതികരണമാണ് ശ്രദ്ധേയമാവുന്നത്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് പറഞ്ഞ നടൻ പുരസ്ക്കാരം സംവിധായകനും അടുത്ത സുഹൃത്തുമായിരുന്ന സച്ചിക്ക് സമർപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. സച്ചിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം എല്ലാം അറിയുന്നുണ്ടാവുമെന്നും ബിജു മേനോൻ പറഞ്ഞു.

അതേ സമയം മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നേടിയ നഞ്ചിയമ്മയും തന്റെ പുരസ്ക്കാരം സച്ചിക്ക് സമർപ്പിച്ചിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ആലാപനത്തിലൂടെ മലയാളികളുടെ നെഞ്ചിൽ കുടിയേറിയ നഞ്ചിയമ്മയുടെ നേട്ടത്തിൽ മലയാളികളൊക്കെ വലിയ രീതിയിൽ അഭിമാനം കൊള്ളുമ്പോഴാണ് തനിക്കേറെ പ്രിയപ്പെട്ട സംവിധായകന് തന്റെ നേട്ടം നഞ്ചിയമ്മ സമർപ്പിക്കുന്നത്. അവാർഡ് കിട്ടിയതിൽ അട്ടപ്പാടിക്കാർക്ക് അഭിമാനമുണ്ടെന്നും നഞ്ചിയമ്മ കൂട്ടിച്ചേർത്തു.

Read More: നഞ്ചിയമ്മയെ നെഞ്ചിലേറ്റി രാജ്യം; ദേശീയ പുരസ്ക്കാരം പ്രിയപ്പെട്ട സച്ചി സാറിന് സമർപ്പിച്ച് മലയാളികളുടെ അഭിമാന താരകം

അറുപത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ വലിയ നേട്ടങ്ങളാണ് മലയാള സിനിമയെ തേടിയെത്തിയത്. മികച്ച നടി, സഹനടൻ, സംവിധായകൻ, പിന്നണി ഗായിക അടക്കം നിരവധി പുരസ്‌ക്കാരങ്ങളാണ് മലയാളികൾ നേടിയത്. അപർണ ബാലമുരളി മികച്ച നടിയായപ്പോൾ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോൻ മികച്ച സഹനടനും സച്ചി മികച്ച സംവിധായകനുമായി അംഗീകരിക്കപ്പെട്ടു.

Story Highlights: Biju menon dedicates his award to sachy