കൊമ്പന്മാരുടെ കളി ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ; നെക്സ്റ്റ് ജനറേഷൻ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്നത് ടോട്ടന്‍ഹാമിനോട്

July 26, 2022

ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളോട് ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അഞ്ച് ക്ലബ്ബുകളുടെ യൂത്ത് ടീമുകളും തമ്മിലാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്.

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് നെക്സ്റ്റ് ജനറേഷൻ കപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയത്. ഒന്നാം സ്ഥാനത്തെത്തിയ ബെംഗളൂരു എഫ്സിയും ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഫുട്‍ബോൾ വികസനത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗും ഫുട്‍ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും ഒരുമിച്ചാണ് ടൂർണമെന്റ് നടത്തുന്നത്.

മിഡ്‌ലാൻഡ്‌സ് ഗ്രൂപ്പ്, ലണ്ടൻ ഗ്രൂപ്പ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി ടീമുകളെ തരം തിരിച്ചാണ് മത്സരം നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ലണ്ടൻ ഗ്രൂപ്പിലും ബെംഗളൂരു എഫ്‌സി മിഡ്‌ലാൻഡ്‌സ് ഗ്രൂപ്പിലുമാണ്. ജൂലൈ 27 ന് ബ്ലാസ്റ്റേഴ്‌സ് ടോട്ടന്‍ഹാമിനെ നേരിടുമ്പോൾ അതേ ദിവസം ബെംഗളൂരു എഫ്‌സി ലെസ്റ്റർ സിറ്റിയുടെ യൂത്ത് ടീമിനെ നേരിടും.

അതേ സമയം വരാനിരിക്കുന്ന സീസണിൽ കപ്പടിക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ഇതിനായി വിദേശ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ്. നേരത്തെ വിദേശ താരങ്ങളുടെ സൈനിങ്‌ വൈകുന്നതിൽ പ്രതിഷേധിച്ച് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായ ഒരു വിഡിയോയിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ സൈനിങ്‌ എപ്പോഴാണെന്ന് ആരാധകർ കഴിഞ്ഞ കുറച്ചു നാളുകളായി ചോദിക്കുന്നുണ്ടായിരുന്നു.

Read More: “മലയാളി പൊളിയല്ലേ..”; വെസ്റ്റ് ഇൻഡീസുകാരെ ‘ലജ്ജാവതിയേ..’ കേൾപ്പിച്ച മലയാളി ഇവിടെയുണ്ട്..

ഇതിനുള്ള മറുപടിയായാണ് ബ്ലാസ്റ്റേഴ്‌സ് ട്രോൾ രൂപത്തിലുള്ള ഒരു വിഡിയോ പങ്കുവെച്ചത്. ‘ക്ഷമ വേണം, സമയമെടുക്കും” എന്ന പ്രശസ്‌ത സിനിമ ഡയലോഗ് കുറിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു.

Story Highlights: Blasters to play against epl youth teams