കൊവിഡിന് ശേഷം ആളുകൾ ഏറ്റവും കൂടുതൽ കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ, ഇന്ത്യയുടെ സ്ഥാനം ഇവിടെ…
മനുഷ്യർ എല്ലാ കാലത്തും ദേശാടനവും യാത്രകളും ഇഷ്ടപ്പെടുന്നവരാണ്. സംസ്ക്കാരത്തിന്റെ ഭാഗമായിട്ടാണ് പലപ്പോഴും മനുഷ്യർ ഒരൊറ്റ സ്ഥലത്ത് തന്നെ ജീവിക്കാൻ തുടങ്ങിയത്. എന്നാൽ അപ്പോഴും മറ്റ് സ്ഥലങ്ങളെയും അവിടുത്തെ ആളുകളെയും അവരുടെ ജീവിത രീതികളെയും പറ്റിയൊക്കെ മനസ്സിലാക്കാൻ മനുഷ്യർ എപ്പോഴും തൽപരരായിരുന്നു.
ഒരു പക്ഷെ മനുഷ്യരുടെ ഈ ആഗ്രഹത്തിന് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് കൊവിഡ് സമയത്തായിരുന്നു. യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന മനുഷ്യർ സ്വന്തം വീടുകളിലേക്കും അവരവരുടെ മുറികളിലേക്കും മാത്രമായി ചുരുങ്ങിയ ദിനങ്ങൾ. ഇപ്പോൾ കൊവിഡ് തരംഗങ്ങൾക്ക് ശേഷം ആളുകൾ ഏറ്റവും സന്തോഷത്തോടെ കാണുന്നതും യാത്രകൾ ചെയ്യാനുള്ള സ്വാതന്ത്ര്യം തിരിച്ചു കിട്ടിയതിനെയാണ്.
മറ്റൊരു രാജ്യത്തേക്ക് കുടിയേറി പാർക്കാൻ എല്ലാ കാലത്തും മനുഷ്യർ താല്പര്യം കാണിച്ചിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ആളുകൾ ജനിച്ച നാട്ടിൽ നിന്ന് മാറി മറ്റൊരു രാജ്യത്തേക്ക് കുടിയേറി പാർത്തു തുടങ്ങിയത്. മികച്ച തൊഴലവസരങ്ങളും വരുമാനവും അതിൽ ഒരു പ്രധാന കാരണമാണ്. ജനിച്ചു വളർന്ന രാജ്യങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ മറ്റൊരു കാരണമാവുമ്പോൾ യാത്രകളോടും മറ്റ് രാജ്യങ്ങളിലെ സംസ്ക്കാരങ്ങളോടുള്ള ഇഷ്ടവും മനുഷ്യരെ അത്തരം തീരുമാനങ്ങളിലേക്ക് നയിക്കാറുണ്ട്.
ഇപ്പോൾ കൊവിഡിന് ശേഷം ആളുകൾ ഏറ്റവും കൂടുതൽ കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള ‘കംപയർ ദ മാർക്കറ്റ്’ എന്ന കമ്പനി. ഇന്ത്യയും പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്.
കാനഡയാണ് ഏറ്റവും കൂടുതൽ ആളുകൾ കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്ന രാജ്യം. മികച്ച സർക്കാർ സംവിധാനം, പൗരസ്വാതന്ത്ര്യം, മെച്ചപ്പെട്ട ജീവിതനിലവാരം, സാമ്പത്തിക സ്വാതന്ത്ര്യം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവയെല്ലാമാണ് ആളുകളെ കാനഡയിലേക്ക് ആകർഷിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള ആളുകളാണ് കൂടുതലായും കാനഡയിലേക്ക് വരാനാഗ്രഹിക്കുന്നത്.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തന്നെയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ജപ്പാനിലേക്കും സ്പെയിനിലേക്കും ആളുകൾ കുടിയേറി പാർക്കാനായി ആഗ്രഹിക്കുന്ന കാര്യങ്ങൾ. മികച്ച ആരോഗ്യ സുരക്ഷയും മറ്റൊരു കാരണമാണ്.
പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ചൈനയിലേക്ക് മാറി താമസിക്കാൻ ആഗ്രഹിക്കുമ്പോൾ പതിനന്നോളം രാജ്യക്കാർ ഫ്രാൻസിലേക്ക് കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്നു. നഗരങ്ങളുടെ സൗന്ദര്യം കൊണ്ടും വികസനം കൊണ്ടും ആളുകൾ തിരഞ്ഞെടുത്ത രാജ്യമാണ് യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള ഫ്രാൻസ്. പട്ടികയിൽ ആറാമത്തെ സ്ഥാനം തുർക്കി നേടിയപ്പോൾ സൗത്ത് ആഫ്രിക്കയാണ് ഏഴാമത് എത്തിയത്.
സൗത്ത് ആഫ്രിക്കയ്ക്ക് ശേഷം ലോകത്താകമാനമുള്ള ആളുകൾ ഏറ്റവും കൂടുതൽ കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്ന രാജ്യം ഇന്ത്യയാണെന്നാണ് പട്ടിക സൂചിപ്പിക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാൻ, ഫിൻലാൻഡ്, ഐവറി കോസ്റ്റ്, ലിബിയ, നൈജർ, യുഎഇ തുടങ്ങി ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇന്ത്യയിലേക്ക് കുടിയേറി പാർക്കാൻ ആഗ്രഹിക്കുന്നു.
Read More: ശില്പ ചാരുതയും മനോഹര നിർമിതിയുമായി മനം കവരുന്ന ഇന്ത്യയിലെ പടവുകിണറുകൾ..
ഇന്ത്യയ്ക്ക് ശേഷം ഓസ്ട്രേലിയ, ഗ്രീസ്, ഫിജി തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി ജീവിക്കാനാണ് ആളുകൾ താൽപര്യപ്പെടുന്നത്.
Story Highlights: Countries preferred by people for migration post-covid