“കഥയുടെ ക്ലൈമാക്സിൽ ചെറിയൊരു മാറ്റം വരുത്താൻ എംടി സാർ സമ്മതിച്ചു..”; നെറ്റ്ഫ്ലിക്സിന്റെ എംടി ആന്തോളജി ചിത്രം ഷെർലക്കിനെ പറ്റി ഫഹദ് ഫാസിൽ
എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ജ്ഞാനപീഠ ജേതാവും ഇന്ത്യൻ സാഹിത്യത്തിലെ അതികായനുമായ എംടിക്കുള്ള സമർപ്പണമായാണ് ആന്തോളജി ചിത്രം ഒരുങ്ങുന്നത്. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്നത്.
‘ഷെർലക്ക്’ എന്ന പേരിലുള്ള എംടിയുടെ കഥയെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ് ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്നത്. ഒരു പൂച്ചയും കഥയിലെ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോൾ ചിത്രം തുടങ്ങുന്നതിന് മുൻപ് താനും മഹേഷും കൂടി എംടിയെ കാണാൻ പോയപ്പോൾ ഉണ്ടായ കാര്യങ്ങൾ ഓർത്തെടുക്കുകയാണ് ഫഹദ്.
കഥ ഒരുപാട് ഇഷ്ടമായ ഫഹദ് അതിന്റെ ക്ലൈമാക്സിൽ ഒരു ചെറിയ മാറ്റം വരുത്താൻ ആഗ്രഹിച്ചിരുന്നു. മാറ്റം ഇഷ്ടമായ മഹേഷ് ഇത് എംടിക്ക് മുൻപിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും അതുമായി മുൻപോട്ട് പോയിക്കൊള്ളാൻ അനുവാദം തരുകയും ചെയ്തുവെന്നാണ് ഫഹദ് പറയുന്നത്.
അതേ സമയം ആന്തോളജിയിലെ മറ്റൊരു ചിത്രമായ ‘ഓളവും തീരവും’ ചിത്രീകരണം പൂർത്തിയാക്കി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മോഹൻലാൽ, ഹരീഷ് പേരടി, ദുർഗ കൃഷ്ണ എന്നിവരാണ്. ‘ഓളവും തീരവും’ കൂടാതെ മറ്റൊരു ചിത്രവും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്.
സന്തോഷ് ശിവന്, ശ്യാമപ്രസാദ്, ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.
Story Highlights: Fahad shares his experience meeting mt vasudevan nair