ചരിത്രം കുറിച്ച് ഒരു അച്ഛനും മകളും; ഇരുവരും ചേർന്ന് പറത്തിയത് യുദ്ധവിമാനം
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുകയാണ് ഒരു അച്ഛന്റെയും മകളുടെയും ചിത്രങ്ങൾ. രാജ്യത്തിന്റെ യുദ്ധവിമാനം ഒരുമിച്ച് ചേർന്ന് പറത്തികൊണ്ടാണ് ഇരുവരും സമൂഹമാധ്യമങ്ങളുടെ മുഴുവൻ കൈയടിനേടുന്നത്. രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു അച്ഛനും മകളും ഒരുമിച്ച് ചേർന്ന് ഒരു യുദ്ധവിമാനം പറത്തുന്നത്. ഹോക്ക്-132 വിമാനത്തിൽ കയറിയാണ് ഇരുവരും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്.
ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും, മകളും യൂണിഫോം ധരിച്ച് യുദ്ധവിമാനത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും. എയർ കമ്മഡോർ സഞ്ജയ് ശർമ്മയും മകൾ അനന്യയുമാണ് ചിത്രങ്ങളിൽ ഉള്ളത്. അതേസമയം എയർ കമ്മഡോർ സഞ്ജയ് ശർമ്മ 1989- ലാണ് ഐഎഎഫിന്റെ ഫൈറ്റർ വിമാനത്തിന്റെ പൈലറ്റാകുന്നത്. എന്നാൽ മകൾ അനന്യ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് പൂർത്തിയാക്കിയ ശേഷം 2021 ഡിസംബറിലാണ് യുദ്ധവിമാന പൈലറ്റായി യോഗ്യതനേടിയത്.
അതേസമയം ഐഎഎഫിന്റെ യുദ്ധവിമാനം സ്ത്രീകൾക്കായി തുറന്നുകൊടുത്തത് 2016 ലാണ്. ആദ്യ ബാച്ചിൽ അനന്യ ഉൾപ്പെടെ മൂന്ന് സ്ത്രീ പൈലറ്റുമാരായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഐഎഎഫിന്റെ യുദ്ധവിമാന മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരുകയായിരുന്നു. എന്നാൽ ചെറുപ്പം മുതൽ അച്ഛനെപ്പോലെ യുദ്ധവിമാനം പറത്തണം എന്നതായിരുന്നു അനന്യയുടെയും ആഗ്രഹം. ഇപ്പോഴിതാ തന്റെ ആഗ്രഹം പൂർത്തിയായ സന്തോഷത്തിലാണ് അനന്യ. സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൈയടികൾ ഏറ്റുവാങ്ങുകയാണ് എയർ കമ്മഡോർ സഞ്ജയ് ശർമ്മയും ഫ്ലൈയിംഗ് ഓഫീസർ അനന്യയും.
Story highlights: Father and daughter create history by flying fighter jets together