നയൻതാരയുടെ ശക്തമായ റോളിൽ ‘ജാൻവി കപൂർ; ഗുഡ് ലക്ക് ജെറി’ ട്രെയ്‌ലർ

July 14, 2022

ജാൻവി കപൂർ നായികയായി അഭിനയിക്കുന്ന ‘ഗുഡ് ലക്ക് ജെറി’യുടെ ട്രെയ്‌ലർ എത്തി. ഡാർക്ക് ഹ്യൂമർ കൈകാര്യം ചെയ്യുന്ന ചിത്രം നയൻതാര നായികയായി എത്തിയ ‘കൊലമാവ്‌ കോകില’ എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണ്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ, മാരകരോഗിയായ അമ്മയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ബീഹാറിൽ നിന്നുള്ള പെൺകുട്ടിയായ ജയ കുമാരിയായി ജാൻവി എത്തുന്നു.

സിദ്ധാർഥ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന കോലമാവ്‌ കോകില നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്‌തത്‌. 2018 ലാണ് ചിത്രം റിലീസ് ചെയ്തത്. ഡ്രഗ് റാക്കറ്റിന് കണ്ണിയാകേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അതേസമയം, റീമേക്ക് ചിത്രങ്ങളിലാണ് അധികവും ജാൻവി കപൂർ വേഷമിടുന്നത്.  ഹെലൻ എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആയ മിലിയിലും ജാൻവി കപൂർ വേഷമിടുന്നുണ്ട്. മലയാളത്തിലെ സംവിധായകനായ മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ബോളിവുഡിലും ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒട്ടേറെ കാര്യങ്ങൾകൊണ്ട് മിലി എന്ന ചിത്രം ജാൻവി കപൂറിന് പ്രിയപ്പെട്ടതാണ്. അച്ഛനും ചിത്രത്തിന്റെ നിർമാതാവുമായ ബോണി കപൂറിനൊപ്പം ആദ്യമായി ജാൻവി പ്രവർത്തിക്കുന്ന ചിത്രമാണ് മിലി. 

Read Also; നൃത്തം ചെയ്യുന്നെങ്കിൽ ഇങ്ങനെവേണം; അതിമനോഹര ചുവടുകളുമായി അമ്പരപ്പിച്ച് ഒരു സ്ത്രീ- ഹൃദ്യമായ കാഴ്ച

രാജ്കുമാർ റാവുവിനും വരുൺ ശർമ്മയ്ക്കുമൊപ്പമുള്ള ഹൊറർ കോമഡി റൂഹിയിലാണ് ജാൻവി കപൂർ അവസാനമായി അഭിനയിച്ചത്. 2018-ൽ ഇഷാൻ ഖട്ടറിനൊപ്പം ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടി, നെറ്റ്ഫ്ലിക്‌സിന്റെ ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Story highlights- Good Luck Jerry Official Trailer