‘നമ്പി എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും..’- പൊന്നിയിൻ സെൽവനിൽ വേഷമിടുന്ന സന്തോഷം പങ്കുവെച്ച് ജയറാം
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. പൊന്നിയിൻ സെൽവന്റെ ഷൂട്ടിംഗ് ഹൈദരാബാദിലും മധ്യപ്രദേശിലുമായി പൂർത്തിയാക്കിയതായി സംവിധായകൻ മണിരത്നം സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കുകയും ടീസർ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു. രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘പി.എസ് 1’ എന്ന് പേര് നൽകിയിട്ടുണ്ട്.
വൻ താരനിരയിൽ എത്തുന്ന ചിത്രത്തിൽ ജയറാമും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. ആഴ്വാർക്കടിയൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഭാഗമാകുന്നതിലെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് നടൻ.
‘മണിരത്നം സിനിമയിൽ അഭിനയിക്കാനുള്ള വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകാൻ അത്ഭുതം തോന്നുന്നു. നമ്പി എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും. എന്നോടൊപ്പമുള്ള നിങ്ങളുടെ ആദ്യ സിനിമ മുതൽ തന്നെ നിങ്ങളുടെ വളർച്ച കാണുന്നതിൽ സന്തോഷമുണ്ട് രവി വർമൻ! നിങ്ങൾ അസാധാരണനാണ്..സുഹൃത്തുക്കളെ പൊന്നിയിൻ സെൽവൻ ഉടൻ തിയേറ്ററുകളിൽ കാണാം!’- ജയറാം കുറിക്കുന്നു.
മണിരത്നം ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ച പൊന്നിയിൻ സെൽവനിൽ വിക്രം, ജയം രവി, വിക്രം പ്രഭു, തൃഷ കൃഷ്ണൻ, മോഹൻ ബാബു, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ശിവ അനന്ത്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കും. രവി വർമ്മനാണ് ഛായാഗ്രഹണം.
Read aLSO; വിതുമ്പിക്കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി- വിഡിയോ
കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.
Story highlights- jayaram about ponniyin selvan