പൃഥ്വിരാജിന്റെ ഏറ്റവും മികച്ച ഓപ്പണിങ് വീക്കെൻഡ് കളക്ഷനുമായി ‘കടുവ’; താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറുന്നുവെന്ന് വിലയിരുത്തൽ
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം ‘കടുവ’ പ്രദർശനത്തിനെത്തിയത്. വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ ചിത്രത്തിന് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയം നേടിക്കൊണ്ടിരിക്കുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മറ്റ് ഭാഷകളിലും മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച പ്രദർശനത്തിനെത്തിയത് കൊണ്ട് തന്നെ നാല് ദിവസം നീണ്ട ഓപ്പണിങ് വീക്കെൻഡ് ചിത്രത്തിന് ലഭിച്ചിരുന്നു.
25 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം റിലീസിനെത്തിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയുടെ ഓപ്പണിങ് കളക്ഷനാണ് കടുവ മറികടന്നത്. എട്ട് ദിവസം കൊണ്ട് ജനഗണമന നേടിയ കളക്ഷൻ വെറും നാല് ദിവസം കൊണ്ട് കടുവ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പൃഥ്വിരാജ് ചിത്രമായ ആദം ജൊവാനിന്റെ സംവിധായകൻ കൂടിയായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്റോയിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read More: ‘നമ്പി എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും..’- പൊന്നിയിൻ സെൽവനിൽ വേഷമിടുന്ന സന്തോഷം പങ്കുവെച്ച് ജയറാം
2013-ല്‍ തിയേറ്ററുകളിലെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017-ല്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.
Story Highlights: Kaduva gets record opening weekend collection