‘ഒരു സംവിധായകനെന്ന നിലയിൽ അമ്മ തന്നെ അംഗീകരിച്ച ചിത്രം’; കെപിഎസി ലളിതയ്ക്ക് ഏറെ ഇഷ്ടമായ തന്റെ സിനിമയെ പറ്റി സിദ്ധാർഥ് ഭരതൻ
പുതുതലമുറയിലെ ഏറ്റവും മികച്ച മലയാളം സംവിധായകരിലൊരാളാണ് സിദ്ധാർഥ് ഭരതൻ. നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച സിദ്ധാർഥ് പിന്നീട് സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. വ്യത്യസ്തമായ ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ തന്റേതായ ഒരു ശൈലി കണ്ടെത്തിയ സംവിധായകൻ കൂടിയാണ് സിദ്ധാർഥ്.
ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന കെപിഎസി ലളിതയുടെയും പ്രശസ്ത സംവിധായകൻ ഭരതന്റെയും മകനായ സിദ്ധാർഥ് ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. തന്റെ അമ്മ കെപിഎസി ലളിതയ്ക്ക് ഏറെ ഇഷ്ടമായ തന്റെ ചിത്രത്തെ പറ്റി മനസ്സ് തുടർന്നിരിക്കുകയാണ് സിദ്ധാർഥ്.
താൻ സംവിധാനം ചെയ്ത ‘ചതുരം’ എന്ന ചിത്രമാണ് അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായത് എന്ന് പറയുകയാണ് സിദ്ധാർഥ് ഭരതൻ. ഒരു സംവിധായകനെന്ന നിലയിൽ തന്നെ അമ്മ അംഗീകരിച്ച ചിത്രം കൂടിയാണ് ചതുരമെന്നും സിദ്ധാർഥ് പറയുന്നു.
റോഷൻ മാത്യു മുഖ്യകഥാപാത്രമാകുന്ന ചതുരത്തിൽ ശാന്തി ബാലചന്ദ്രൻ, സ്വാസിക വിജയ്, അലൻസിയർ എന്നിവരും അഭിനയിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതനും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
മലയാളത്തിലെ മിനിസ്ക്രീനിൽ ഇന്ന് ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള ടെലിവിഷൻ പരിപാടിയായി മാറിയിരിക്കുകയാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്ളവേഴ്സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരും ഒപ്പം പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളുമാണ് പരിപാടിയിൽ അതിഥികളായെത്താറുള്ളത്.
Story Highlights: KPAC Lalitha favourite movie of sidharth