‘അജഗജാന്തര’ത്തിന് ശേഷം ടിനു പാപ്പച്ചനൊരുക്കുന്ന ചിത്രം-നായകനായി കുഞ്ചാക്കോ ബോബൻ
അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ടിനു പാപ്പച്ചൻ തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ്. നടന്മാരായ കുഞ്ചാക്കോ ബോബനെയും അർജുൻ അശോകനെയും പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരുങ്ങുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ചിത്രം ഒരു ത്രില്ലർ ആണെന്നും സിനിമയുടെ തിരക്കഥ ജോയ് മാത്യുവിന്റേതായിരിക്കുമെന്നും സൂചിപ്പിക്കുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജയസൂര്യ നായകനായ ‘ഈശോ’യുടെ നിർമാതാവ് അരുൺ നാരായണനാണ്.
ചിത്രത്തിന്റെ ഛായാഗ്രാഹകനായി എത്തുന്നത് ജിന്റോ ജോർജ്ജ് ആണ്. എഡിറ്റിംഗ് വിഭാഗം നിഷാദ് യൂസഫാണ് കൈകാര്യം ചെയ്യുന്നത്. കെ യു മനോജും അനുരൂപും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപെട്ടവരാണ് ഇവർ.
അതേസമയം, കുഞ്ചാക്കോ ബോബൻ ഏറ്റവും മികച്ച സിനിമകളുടെ ഭാഗമാകുന്ന തിരക്കിലാണ്. അടുത്തിടെ താരം നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന രസകരമായ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർ 5.25’, ‘കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read Also; വിതുമ്പിക്കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി- വിഡിയോ
കുഞ്ചാക്കോ ബോബനെക്കൂടാതെ ഗായത്രി, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, രാജേഷ് മാധവൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Story highlights- kunchacko boban’s next with tinu pappachan