വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരു ഏ.ആർ. റഹ്മാൻ വിസ്മയം; മലയൻകുഞ്ഞിലെ ഗാനത്തിന്റെ പ്രോമോ റിലീസ് ചെയ്തു
ലോകപ്രശസ്തനായ ഇന്ത്യൻ സംഗീതജ്ഞനാണ് ഏ.ആർ.റഹ്മാൻ. ഓസ്ക്കാർ, ഗ്രാമി തുടങ്ങിയ അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കിയ റഹ്മാന്റെ ആദ്യത്തെ ചലച്ചിത്രം മോഹൻലാലിൻറെ ‘യോദ്ധ’ ആയിരുന്നു. അതിന് ശേഷം തമിഴിലും ഹിന്ദിയിലും പിന്നീട് ഹോളിവുഡിലും തിരക്കുള്ള സംഗീത സംവിധായകനായി മാറിയ റഹ്മാൻ ഒടുവിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ ‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തിലൂടെയാണ് ഏ.ആർ.റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് എത്തിയത്.
ഇപ്പോൾ മലയൻകുഞ്ഞിലെ ആദ്യ ഗാനത്തിന്റെ പ്രോമോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. “ചോലപ്പെണ്ണേ..” എന്ന് തുടങ്ങുന്ന ഗാനം നാളെയാണ് റിലീസ് ചെയ്യുന്നത്. വിജയ് യേശുദാസാണ് ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.
നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്.’ ഒരു സര്വൈവല് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ‘മാലിക്കും’ ‘ടേക് ഓഫും’ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ്.
ഒരു ഇലക്ട്രോണിക് മെക്കാനിക്കായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്. മലയോര പ്രദേശങ്ങളിലുണ്ടാവുന്ന ഒരു മണ്ണിടിച്ചിലിൽ പെട്ട് പോവുന്നൊരു യുവാവിന്റെ കഥയാണ് ‘മലയൻകുഞ്ഞ്’ എന്ന് സംവിധായകൻ പറഞ്ഞിരുന്നു. ഫഹദിനൊപ്പം രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫാസിലാണ്. ചിത്രം ജൂലൈ 22 നാണ് തിയേറ്ററുകളിലെത്തുന്നത്.
Story Highlights: Malayankunju first song promo released