‘ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം, ക്ലോസ്‍ട്രോഫോബിയ ഉള്ളവർ സൂക്ഷിക്കുക’; മുന്നറിയിപ്പുമായി മലയൻകുഞ്ഞ് ടീം, ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു

July 15, 2022

കാത്തിരിപ്പിന് ശേഷം ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒടിടിയിൽ റിലീസ് ചെയ്യുമോ എന്ന പ്രേക്ഷകരുടെ ദീർഘ നാളത്തെ ആശങ്കയ്ക്ക് വിരാമമിട്ടു കൊണ്ടാണ് ചിത്രം ജൂലൈ 22 ന് തിയേറ്ററുകളിലെത്തുന്നത്. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയൻകുഞ്ഞ്.’

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. ഒരു സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലിന്റെ തന്നെ ചിത്രങ്ങളായ ‘മാലിക്കും’ ‘ടേക് ഓഫും’ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ്.

മലയൻകുഞ്ഞിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയ ഒരു മുന്നറിയിപ്പാണ് ഇപ്പോൾ പ്രേക്ഷകരുടെയിടയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. കാണുന്ന പ്രേക്ഷകരെ ചിത്രം അസ്വസ്ഥരാക്കിയേക്കാമെന്നും ക്ലോസ്‍ട്രോഫോബിയ ഉള്ളവർ ചിത്രം കാണുമ്പോൾ സൂക്ഷിക്കണമെന്നുമാണ് അണിയറ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

ചെറിയ ഇടങ്ങളും അടഞ്ഞ സ്ഥലങ്ങളുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്‍ട്രോഫോബിയ എന്ന് പറയുന്നത്. മലയോര പ്രദേശങ്ങളിലുണ്ടാവുന്ന ഒരു മണ്ണിടിച്ചിലിൽ പെട്ട് പോവുന്നൊരു യുവാവിന്റെ കഥയാണ് മലയൻകുഞ്ഞ് എന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫഹദ് ഫാസിൽ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ ഈ മുന്നറിയിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Read More: എംടിയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാലും പ്രിയദർശനും; സിനിമ സെറ്റിൽ കേക്കും സദ്യയുമൊരുക്കി അണിയറ പ്രവർത്തകർ

ഒരു ഇലക്ട്രോണിക് മെക്കാനിക്കായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ്. ഫഹദിനൊപ്പം രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫാസിലാണ്. 30 വർഷങ്ങൾക്ക് ശേഷം ഏ.ആർ. റഹ്മാൻ സംഗീതം നൽകുന്ന മലയാളം ചിത്രം കൂടിയാണ് മലയൻകുഞ്ഞ്.

Story Highlights: Malayankunju trailer released