1280 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന് യുവാവ്; ജീവൻ പണയംവെച്ചുള്ള ഈ സാഹസീകതയ്ക്ക് പിന്നിൽ
സാഹസീകതയെ ഇഷ്ടപ്പെടുന്ന നിരവധിപ്പേരെ നമുക്ക് പരിചിതമാണ്. ഇപ്പോഴിതാ അത്തരത്തിൽ വലിയ സാഹസീകതകൊണ്ട് കാഴ്ചക്കാരെ മുഴുവൻ മുൾമുനയിലാക്കിയ ഒരു ചെറുപ്പക്കാരനാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധനേടുന്നത്. ദുബായിലെ ഏറ്റവും ഉയരമുള്ള ക്രെയിനിനുമുകളിൽ, അതായത് ഏകദേശം 1280 അടി ഉയരത്തിലുള്ള ക്രെയിനിൽ തൂങ്ങിക്കിടക്കുന്ന ആദം ലോക്ക്വ്ഡ് എന്ന യുവാവിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു കൈകൊണ്ട് ക്രെയിനിൽ തൂങ്ങിക്കിടക്കുകയും മറ്റേ കൈ ഉപയോഗിച്ച് ആ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയാണ് ഈ യുവാവ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയുടെ ഏറ്റവും അടുത്തുള്ള 77 നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ യുവാവ് സ്വയം പകർത്തിയത്. അതേസമയം വളരെ സാഹസീകമായിത്തന്നെയാണ് ആദം ഈ കെട്ടിടത്തിന് മുകളിൽ കയറിയത്. ഈ കെട്ടിടത്തിൽ ഒരു ജോലിക്കാരന്റെ വേഷത്തിൽ എത്തിയ ശേഷമാണ് ആദം ഇതിനകത്ത് കയറിയത്. പിന്നീട് മുകളിൽ എത്തിയ ആദം ശരീരത്തിൽ നിറയെ ഗ്രീസ് തേയ്ക്കുകയും കമ്പിയ്ക്ക് ഇടയിലൂടെ മുകളിലേക്ക് കയറുകയും ചെയ്തു. എന്നാൽ ഇതാദ്യമായല്ല ഈ ഇരുപത്തിയൊന്നുകാരൻ ഇത്തരത്തിലുള്ള സാഹസീക പ്രവർത്തികൾ ചെയ്യുന്നത്.
വളരെ അനായാസം ക്രെയിനിന് മുകളിൽ കയറിയ ആദം ഇത് തന്റെ ഹോബിയെണെന്നും ഇത്തരത്തിൽ സാഹസികമായി ഉയരങ്ങൾ കീഴടക്കാനുള്ള കഴിവ് എല്ലാവർക്കുമില്ലെന്നും അതിനാൽ തന്നെ തന്റെ ഈ കഴിവ് ലോകം അറിയണം എന്നും പറയുകയാണ്. അതേസമയം തൂങ്ങിക്കിടന്ന ഇവിടെ നിന്നും ആദം താഴേക്ക് വീണിരുന്നെങ്കിൽ ഇവിടെ എത്താൻ ഏകദേശം ഒൻപത് സെക്കന്റ് സമയം എടുക്കുമായിരുന്നുവത്രേ. അത്രയും സാഹസികത നിറഞ്ഞ ഇടത്തിലൂടെയാണ് ജീവൻ പണയംവെച്ചും ആദം കയറിയത്.
Story highlights: man risky stunt in front of Burj khalifa