ഉണ്ണി മുകുന്ദന്റെ നായികയായി അപർണ ബാലമുരളി; ‘മിണ്ടിയും പറഞ്ഞും’ ഒരുങ്ങുന്നു
ജനപ്രിയ താരം ഉണ്ണി മുകുന്ദനും ദേശീയ അവാർഡ് ജേതാവായ നടി അപർണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. മുമ്പ് ‘ലൂക്ക’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും സനൽ, ലീന എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി പങ്കുവെച്ച് ഉണ്ണി മുകുന്ദൻ കുറിക്കുന്നു “ഇതാ, പ്രണയത്തിന്റെയും വിരഹത്തിന്റെയും ഹൃദയകഥയോട് അടുത്ത് നിൽക്കുന്ന ‘മിണ്ടിയും പറഞ്ചും’ ഫസ്റ്റ് ലുക്ക്…’.
അരുൺ ബോസ് സംവിധാനം ചെയ്യുന്ന ‘മിണ്ടിയും പറഞ്ഞും ’ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാർവതി, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി എന്നിവരും അഭിനയിക്കുന്നു. വരാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജിനൊപ്പം അരുൺ ബോസ് ആണ് . ഇതിഹാസ ഛായാഗ്രാഹകൻ മധു അമ്പാട്ട് ഛായാഗ്രാഹകനായി, കിരൺദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, സുജേഷ് ഹരിയാണ് വരികൾ എഴുതിയിരിക്കുന്നത്.
Story highlights- mindiyum paranjum first look poster