എംടിയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാലും പ്രിയദർശനും; സിനിമ സെറ്റിൽ കേക്കും സദ്യയുമൊരുക്കി അണിയറ പ്രവർത്തകർ
ജ്ഞാനപീഠ ജേതാവായ എംടി വാസുദേവൻ നായരുടെ 89-ാം പിറന്നാളാണ് ഇന്ന്. പൊതുവെ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കാറുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ പക്ഷെ ഇത്തവണ തന്റെ പിറന്നാൾ ലളിതമായി ആഘോഷിക്കാൻ തയ്യാറായി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് എംടി കേക്ക് മുറിച്ച് തന്റെ പിറന്നാളാഘോഷിച്ചത്. നടൻ മോഹൻലാലും ഛായാഗ്രാഹകൻ സന്തോഷ് ശിവനും ആഘോഷത്തിൽ പങ്കെടുത്തു.
ഇന്ത്യൻ സാഹിത്യ ചരിത്രത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു ആന്തോളജി ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരാണ് എംടിയുടെ കഥകൾ ചിത്രങ്ങളാക്കുന്നത്. ഇതിൽ പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് ‘ഓളവും തീരവും.’
പി.എൻ മേനോൻ സംവിധാനം നിർവഹിച്ച ഇതേ പേരിലുള്ള ചിത്രം 1970 ൽ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ നടൻ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെ ഹരീഷ് പേരടിയാണ് അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തിന്റെ സെറ്റിലാണ് പിറന്നാളാഘോഷിക്കാനായി എംടി എത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന എംടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സദ്യയും ഒരുക്കിയിരുന്നു.
#MTVasudevanNair birthday celebration at #OlavumTheeravum location with #Mohanlal, Priyadarshan, Santhosh Sivan & crew… pic.twitter.com/l0lpXpG9r5
— AB George (@AbGeorge_) July 15, 2022
Read More: കനത്ത മഴയിൽ കുത്തിയൊലിക്കുന്ന തൊമ്മൻകുത്ത് പുഴയിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ- വിഡിയോ
എംടിയുടെ പത്ത് കഥകളാണ് ചെറു സിനിമകളാകുന്നത്. ‘ഓളവും തീരവും’ കൂടാതെ മറ്റൊരു ചിത്രവും പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്. സന്തോഷ് ശിവന്, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.
Story Highlights: MT Vasudevan nair celebrates his birthday with mohanlal