കെജിഎഫിന് ശേഷം കാളിയന് സംഗീതമൊരുക്കാൻ രവി ബസ്റൂർ; സ്വാഗതം ആശംസിച്ച് പൃഥ്വിരാജ്
![](https://flowersoriginals.com/wp-content/uploads/2022/07/Untitled-design-2022-07-22T120928.922.jpg)
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു കെജിഎഫ്. മികച്ച ദൃശ്യവിസ്മയമൊരുക്കിയ ചിത്രത്തിന്റെ സംഗീതവും ഏറെ പ്രശംസ നേടിയിരുന്നു. തിയേറ്ററുകളിൽ ഒരു നിമിഷം പോലും പ്രേക്ഷകർക്ക് ലാഗ് അനുഭവപ്പെടാതിരിക്കാൻ ചിത്രത്തിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതല്ല. രവി ബസ്റൂറാണ് കെജിഎഫിന് സംഗീതം ഒരുക്കിയത്.
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. പൃഥ്വിരാജിന്റെ പീരീഡ് ആക്ഷൻ ചിത്രം കാളിയന് സംഗീതമൊരുക്കുന്നത് രവി ബസ്റൂറാണ്. പൃഥ്വിരാജ് തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പുറത്തു വിട്ടത്. രവി ബസ്റൂറിന് സ്വാഗതം ആശംസിച്ച് പൃഥ്വിരാജ് പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു.
അതേ സമയം അവിശ്വസനീയമായ വിജയമാണ് കെജിഎഫ് 2 നേടിയത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രമായിരുന്നു കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കഴിഞ്ഞ കുറച്ചു നാളുകളായി കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ പൃഥ്വിരാജ് തന്നെയാണ് കേരളത്തിൽ കെജിഎഫ് 2 വിന്റെ വിതരണം ഏറ്റെടുത്തത്. മികച്ച സൗഹൃദമാണ് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ, നടൻ യാഷ്, നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് എന്നിവരുമായി പൃഥ്വിരാജിനുള്ളത്. പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനാവുന്ന സലാറിൽ പൃഥ്വിരാജ് ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
Story Highlights: Prithviraj welcomes ravi basrur to kaaliyan