ഇത് പോലൊരു സിനിമ എടുക്കാൻ കഴിയണേയെന്ന് പ്രിയദർശൻ പ്രാർത്ഥിച്ചു; അര നൂറ്റാണ്ടിനിപ്പുറം അതേ സിനിമ ചിത്രീകരിച്ച് സംവിധായകൻ
കേരളത്തിന്റെ സിനിമ-സാഹിത്യ ലോകം ഒരേ പോലെ കാത്തിരിക്കുകയാണ് എംടിയുടെ കഥകളെ ആസ്പദമാക്കി നിർമ്മിക്കപ്പെടുന്ന നെറ്റ്ഫ്ലിക്സിന്റെ ആന്തോളജി ചിത്രത്തിനായി. ഇന്ത്യൻ സാഹിത്യത്തിലെ ഇതിഹാസമായ ജ്ഞാനപീഠ ജേതാവായ എംടി വാസുദേവൻ നായർക്കുള്ള സമർപ്പണമാണ് ചിത്രം.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ചിത്രത്തിനായി അണിചേരുകയാണ്. ഓളവും തീരവും എന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്നത്. മോഹൻലാലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച ഇതേ പേരിലുള്ള ചിത്രം 1970 ൽ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ നടൻ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെ ഹരീഷ് പേരടിയാണ് അവതരിപ്പിക്കുന്നത്.
പി.എൻ.മേനോന്റെ ചിത്രമിറങ്ങുമ്പോൾ പ്രിയദർശന് 13 വയസ്സായിരുന്നു. ചിത്രത്തിന്റെ തിരക്കഥ വായിച്ച് പ്രിയദർശൻ പ്രാർത്ഥിച്ചു, എന്നെങ്കിലും തനിക്ക് ഇത് പോലെയൊരു സിനിമ എടുക്കാൻ കഴിയണേ എന്ന്. അത്രത്തോളം സംവിധായകനെ സ്വാധീനിച്ച ചിത്രമായിരുന്നു ഓളവും തീരവും. അര നൂറ്റണ്ടിനിപ്പുറം ഇന്ന് അതേ തിരക്കഥയിൽ സിനിമ ഒരുക്കുമ്പോൾ പ്രിയദർശന് ഇത് ആഗ്രഹസാഫല്യത്തിന്റെ നിമിഷം കൂടിയാണ്.
ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ദുർഗ കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ ചിത്രത്തിൽ ഉഷ നന്ദിനി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ദുർഗ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്മി, വിനോദ് കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സന്തോഷ് ശിവന്, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.
Story Highlights: Priyadarshan dream come true moment