‘നൂറ് വർഷങ്ങൾ സംഗീതം പഠിച്ചാലും നഞ്ചിയമ്മയെ പോലെ പാടാൻ കഴിയില്ല’; ദേശീയ പുരസ്ക്കാരത്തിൽ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി പ്രമുഖ സംഗീതജ്ഞർ
ഇത്തവണത്തെ ദേശീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടത് നഞ്ചിയമ്മ ആയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയ്ക്ക് ലഭിച്ച അർഹിക്കുന്ന അംഗീകാരമാണിതെന്നാണ് സിനിമ ലോകം ഒന്നടങ്കം പറഞ്ഞത്.
പുരസ്ക്കാര പ്രഖ്യാപനത്തെ തുടർന്ന് ചെറിയ ചില വിവാദങ്ങൾ ഉയർന്നിരുന്നു. നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തതിൽ ചില സംഗീതജ്ഞർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രത്യേക ജ്യൂറി പരാമർശമായിരുന്നു ഗായികയ്ക്ക് കൊടുക്കേണ്ടിയിരുന്നതെന്നും പിന്നണി ഗായികയ്ക്കുള്ള അവാർഡിന് നഞ്ചിയമ്മ അർഹയാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ചില അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് നഞ്ചിയമ്മയ്ക്ക് വലിയ പിന്തുണയുമായി പ്രമുഖ ഗായകരും സംഗീത സംവിധായകരും രംഗത്ത് വന്നത്. സംഗീതത്തിലെ ശുദ്ധി എന്താണെന്നാണ് സംഗീത സംവിധായകൻ ബിജിബാൽ ചോദിച്ചത്. ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്കണമെന്നാണ് നഞ്ചിയമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ബിജിബാൽ കുറിച്ചത്.
അതേ സമയം താൻ നഞ്ചിയമ്മയ്ക്കൊപ്പമാണെന്നും പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷം സംഗീതം പഠിച്ചാലും പാടാൻ കഴിയില്ല എന്നാണ് സംഗീത സംവിധായകൻ അൽഫോൻസ് അഭിപ്രായപ്പെട്ടത്.
നഞ്ചിയമ്മയ്ക്ക് കിട്ടിയത് അർഹിക്കുന്ന അംഗീകാരം ആണെന്നാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചത്. സംഗീതത്തിന് എന്ത് ചാതുർവർണ്യമാണുള്ളതെന്ന് ചോദിച്ച ഗായകൻ നഞ്ചിയമ്മയുടെ ഗാനം അതേ തന്മയത്വത്തോടെ മറ്റൊരാൾക്കും പാടാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
അതേ സമയം തനിക്ക് കിട്ടിയ അംഗീകാരം പ്രിയപ്പെട്ട സംവിധായകൻ സച്ചിക്ക് സമർപ്പിക്കുകയായിരുന്നു നഞ്ചിയമ്മ. അവാർഡ് കിട്ടിയതിൽ അട്ടപ്പാടിക്കാർക്ക് അഭിമാനമുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു.
Story Highlights: Prominent musicians support nanchiyamma on national award