“ധനുഷ് ഏത് അവെഞ്ചറാവും..”; ചോദ്യത്തിന് അപ്രതീക്ഷിതമായ മറുപടിയുമായി അവേഞ്ചേഴ്‌സ് സംവിധായകർ റൂസ്സോ ബ്രദേഴ്‌സ്

July 22, 2022

റൂസ്സോ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ആന്റണി റൂസോയും ജോസഫ് റൂസോയും ലോകപ്രശസ്‌ത സംവിധായകരാണ്. വമ്പൻ വിജയം നേടിയ അവേഞ്ചേഴ്‌സ് സിനിമകളുടെ അവസാന രണ്ട് ഭാഗങ്ങൾ സംവിധാനം ചെയ്‌ത റൂസ്സോ സഹോദരന്മാരുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ദി ഗ്രേമാൻ.’ നെറ്റ്ഫ്ലിക്സിലൂടെ ഇന്നലെ രാത്രിയാണ് ചിത്രം ലോകമെങ്ങും റിലീസ് ചെയ്‌തത്‌.

തമിഴ് നടൻ ധനുഷ് ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അവിക് സാൻ എന്ന കഥാപത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതെങ്കിലും ധനുഷിന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് നിരൂപകരും പ്രേക്ഷകരും ഒരേ പോലെ നൽകുന്നത്. ആക്ഷൻ രംഗങ്ങളൊക്കെ ഏറ്റവും മികച്ച രീതിയിലാണ് ധനുഷ് ചെയ്‌തതെന്നാണ്‌ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് ഒരു അഭിമുഖത്തിൽ റൂസ്സോ സഹോദരന്മാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ധനുഷ് അവേഞ്ചേഴ്‌സ് സിനിമയിലെ ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാൽ നന്നാവും എന്ന ചോദ്യത്തിനാണ് സംവിധായകർ ഉത്തരം പറഞ്ഞത്. മാർവെലിന്റെ തന്നെ എക്‌സ് മെൻ സീരിസിലെ ഒരു കഥാപാത്രമായി ധനുഷ് വരുന്നതാണ് കൂടുതൽ നന്നാവുക എന്നാണ് റൂസ്സോ സഹോദരന്മാർ പറഞ്ഞത്.

അതേ സമയം ഗ്രേ മാനിലെ കഥാപാത്രമായ അവിക് സാനിനെ തന്നെ അവേഞ്ചേഴ്‌സ് സിനിമകളിൽ അവതരിപ്പിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് ധനുഷ് അഭിപ്രായപ്പെട്ടു. ധനുഷിന്റെ അഭിപ്രായം കേട്ട സംവിധായകർ അതൊരു നല്ല സാധ്യതയാണെന്നും ഇനി അതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

Read More: ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിന് മുണ്ടുടുത്ത് പരമ്പരാഗത ലുക്കിൽ ധനുഷ്!

നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്. മാർക്ക് ഗ്രീനി എഴുതി 2009 ൽ പുറത്തിറങ്ങിയ ‘ദി ഗ്രേമാൻ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. റയാൻ ഗോസ്‌ലിംഗ്, ക്രിസ് ഇവാൻസ്, അനാ ഡെ അർമാസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Story Highlights: Russo brothers about dhanush being an avenger