‘മടങ്ങുന്നു, എല്ലാവർക്കും നന്ദി’; ആരാധകർക്ക് നൊമ്പരമായി സഞ്ജു സാംസൺ പങ്കുവെച്ച കുറിപ്പ്

July 8, 2022

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മലയാളികൾ ഒന്നടങ്കം ഇത്രയധികം സ്നേഹവും പിന്തുണയും നൽകുന്ന മറ്റൊരു കായിക താരം ഉണ്ടോയെന്നത് സംശയമാണ്. സഞ്ജു ഇന്ത്യൻ ദേശീയ ടീമിന്റെ കുപ്പായമണിയുന്നത് സ്വപ്‌നം കാണുന്ന വലിയൊരു വിഭാഗം ആളുകൾ കേരളത്തിലുണ്ട്.

എന്നാലിന്ന് സഞ്ജു കേരളത്തിൽ മാത്രം ജനപ്രീതിയുള്ള ഒരു താരമല്ല. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ നായകനായതോട് കൂടി ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ പിന്തുണ സഞ്ജുവിനുണ്ട്. അത് കൊണ്ട് തന്നെ സഞ്ജു ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ആരാധകരുടെ എണ്ണവും ഇന്ന് കൂടുതലാണ്.

അയർലണ്ടിനെതിരെയുള്ള ടി 20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോട് കൂടിയാണ് സഞ്ജു ഇംഗ്ലണ്ടിനെതിരെയുള്ള ടി 20 ടീമിൽ സ്ഥാനം കണ്ടെത്തിയത്. എന്നാൽ ആദ്യ മത്സരത്തിനുള്ള ടീമിൽ മാത്രമായിരുന്നു സഞ്ജുവിന് ഇടമുണ്ടായിരുന്നത്. ആദ്യ മത്സരത്തിലെ അന്തിമ ഇലവനിൽ സ്ഥാനം നേടാൻ കഴിയാതെ വന്നതോടെ സഞ്ജു തിരികെ മടങ്ങുകയായിരുന്നു.

മത്സരത്തിൽ കളിക്കാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘നാട്ടിലേക്ക് മടങ്ങുന്നു. എല്ലാവർക്കും നന്ദി’ എന്നാണ് സഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്. നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പാണിതെന്നാണ് ആരാധകർ പറയുന്നത്. ഇത്രയും മികച്ച ഫോമിലുള്ള സഞ്ജുവിന് അന്തിമ ഇലവനിൽ സ്ഥാനം നൽകാത്തത് വലിയ അനീതിയാണെന്നാണ് ആരാധകർ പറയുന്നത്.

Read More: ഒടുവിൽ വിളിയെത്തി; സഞ്ജു സാംസൺ വീണ്ടും ഏകദിന ടീമിൽ, ആഘോഷമാക്കി ആരാധകർ…

അതേ സമയം വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ഉൾപ്പെടുത്തിയിരുന്നു. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവുന്ന പരമ്പരയിൽ സഞ്ജുവിനൊപ്പം ഇഷാൻ കിഷനെയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Sanju samson facebook post goes viral