ഞങ്ങൾ ഇപ്പോഴും ‘അളിയാ- അളിയാ’ കമ്പനിയാണ്- ഭർത്താവിനെക്കുറിച്ച് മനസുതുറന്ന് വീണ നായർ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വീണ നായർ. ഒട്ടേറെ പരമ്പരകളിലും സിനിമകളിലും വേഷമിട്ടിട്ടുള്ള വീണ, കലാരംഗത്ത് നിന്നും എത്തിയതാണ്. കലോത്സവ വേദികളിലെ മിന്നും താരമായിരുന്നു വീണ നായർ. സ്വാതി സുരേഷ് ആണ് വീണയുടെ ഭർത്താവ്. അടുത്തിടെ ഇരുവരും വേർപിരിഞ്ഞെന്ന രീതിയിൽ വളരെയധികം വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരു കോടി വേദിയിലൂടെ ആദ്യമായി ഈ അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് നടി.
ഭർത്താവുമായി വേർപിരിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് വീണ നായർ. കലോത്സവ വേദികളിൽ വെച്ച് പരിചയപ്പെട്ടതാണ് ഇരുവരും. ഫേസ്ബുക്കിലൂടെയാണ് പിന്നീട് അടുത്തറിഞ്ഞതും പ്രണയിച്ചതും. ആദ്യകാഴ്ച്ചയിൽ തന്നെ പ്രണയം തുറന്നു പറഞ്ഞവരാണ് എന്നും വീണ പറയുന്നു. അങ്ങനെ വിവാഹത്തിലേക്കും എത്തി. 2014ലായിരുന്നു വീണയുടെ വിവാഹം. ഇതുവരെ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമേ ഉള്ളു എന്നും സോഷ്യൽ മീഡിയ ആണ് അത് വലുതാക്കിയതെന്നും ഒരുകോടി വേദിയിൽ വീണ പങ്കുവയ്ക്കുന്നു.
മാത്രമല്ല, ഭർത്താവും താനും ‘അളിയാ- അളിയാ’ കമ്പനി ആണെന്ന് വീണ വ്യക്തമാക്കുന്നു. വിവാഹശേഷം അഭിനയം അവസാനിപ്പിക്കാം എന്ന് കരുതിയിരുന്നു. എന്നാൽ വെള്ളിമൂങ്ങയിലേക്ക് വിളിച്ചപ്പോൾ ചെയ്യാനായി പറഞ്ഞത് ഭർത്താവ് ആണെന്നും വീണ നായർ പ്രതികരിക്കുന്നു.
വിവാദങ്ങളോട് വളരെ നയപരമായ സമീപനമാണ് വീണയുടേത്. ‘അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവര്ക്കും ഉണ്ട്. അതിലൊന്നും എനിക്കാരെയും കുറ്റം പറയില്ല. കാരണം എന്റെ നല്ല സമയത്തും എന്റെ മോശം സമയത്തും അവര്‍ പ്രതികരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് കൂടുതല്‍ ആളുകള്‍ അറിഞ്ഞില്ലേ, അത്രയും മതി’- വീണ പറയുന്നു.
Story highlights- veena nair about her husband